KeralaLatest NewsNews

കര്‍ക്കിടക വാവ് ബലി ഇന്ന് : കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ഇന്ന് വീടുകളില്‍ തന്നെ ബലിയിടല്‍ ചടങ്ങ്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടയില്‍ കര്‍ക്കിടക വാവുബലി ഇന്ന്. എന്നാല്‍ കോവിഡ് പ്രതിസന്ധിക്കിടയില്‍ ക്ഷേത്രത്തില്‍ പോയ് ബലിയിടുന്നതിനു പകരം വീട്ടിലിരുന്നാണ് ഇന്ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വാവ് ബലി നടത്തുന്നത്. ഹൈന്ദവ വീടുകളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ബലിയിടുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു.

കര്‍ക്കിടകവാവിലെ ബലി ആത്മാവിന് മോക്ഷം ഇങ്ങനെ എന്നാല്‍ പിതൃക്കള്‍ മരണമടഞ്ഞ നക്ഷത്രത്തിലും ബലി അനുഷ്ഠാനങ്ങള്‍ നടത്താം. എന്നിരുന്നാലും, കര്‍ക്കിടകം മാസത്തില്‍ അമാവാസി ദിനത്തില്‍ ബലിയിടുന്നത് കൂടുതല്‍ ശുഭകരവും മരണപ്പെട്ടയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം.

വാവു ബാലി അര്‍പ്പിക്കുമ്പോള്‍ മരിച്ച പൂര്‍വ്വികരുടെ ആത്മാക്കള്‍ ‘മോക്ഷം’ പ്രാപിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പിതൃതര്‍പ്പണം ചെയ്യാന്‍ വീട്ടില്‍ തന്നെ ഒരുങ്ങാവുന്നതാണ്. പുരാണത്തിലെ വിശ്വാസമനുസരിച്ച് മരിച്ച് പിതൃക്കളുടെ സാന്നിധ്യം അമാവാസി ദിനത്തില്‍ നമ്മുടെ വീട്ടില്‍ ഉണ്ടാവും എന്നാണ് പറയുന്നത്. കര്‍ക്കിടക വാവ് സമയം ഉച്ചവരെയാണ് ഉള്ളത്.

സാധാരണ ബലിയിടുമ്പോള്‍ താന്ത്രികന്‍ ചൊല്ലിത്തരുന്ന മന്ത്രങ്ങള്‍ ഏറ്റു ചൊല്ലിയാണ് ബലിയിടുന്നത്. എന്നാല്‍ ഇപ്രാവശ്യം അതിന് കഴിയാത്ത അവസ്ഥയായത് കൊണ്ട് തന്നെ ബലിയിടുന്നവര്‍ക്ക് വീട്ടിലിരുന്ന് ബലിയിടാവുന്നതാണ്. അതിനായി മനസ്സില്‍ പിതൃക്കളെ സങ്കല്‍പ്പിച്ച് ബലി സമര്‍പ്പിക്കുക എന്നുള്ളതാണ്. ഇത് താല്‍ക്കാലികമായി ചെയ്യുന്ന ഒന്നാണ്. അതിന് വേണ്ടി ഒരുക്കേണ്ട വസ്തുക്കള്‍ ഇതെല്ലാമാണ്. ഒരു നാക്കില, നാലോ അഞ്ചോ ദര്‍ഭപ്പുല്ല്, നിലവിളക്ക് തെക്കുവടക്ക് തിരിയായി വെക്കുക, കിണ്ടിയില്‍ വെള്ളം, ചന്ദനം, ചെറുള ഇല, തുളസി, പുഷ്പങ്ങള്‍, എള്ള്, പച്ചരി വേവിച്ച് ഉരുള എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

നിങ്ങളുടെ പൂര്‍വ്വികരുടെ ആത്മാവിനെ പ്രസാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിരാവിലെ കുളിക്കണം, തുടര്‍ന്ന് ആദ്യം ഭഗവാനിനായി കുറച്ച് നേദ്യം തയ്യാറാക്കുക. ഈ നേദ്യം ഉരുട്ടി ഒരു ഉരുളയാക്കി വെക്കുക. കിണ്ടി തെക്കോട്ട് തിരിച്ച് വെച്ച് ബലിയിടുന്ന വ്യക്തിയും തെക്കോട്ട് തിരിഞ്ഞ് ഇരിക്കുക. എന്നാല്‍ ഇരിക്കുമ്പോള്‍ ഒരിക്കലും വെറും നിലത്ത് ഇരിക്കരുത്. ഒരു പലകയോ മറ്റോ ഇട്ടതിന് ശേഷം മാത്രം അതിന്റെ പുറത്ത് ഇരിക്കാന്‍ ശ്രദ്ധിക്കുക.

ഗണപതിഭഗവാനെ മനസ്സില്‍ ധ്യാനിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിതൃമോക്ഷം ഭഗവാന്‍ വിഷ്ണുവിന്റെ അധികാരമാണ്. ഭഗവാനെ നല്ലതുപോലെ മനസ്സില്‍ പ്രാര്‍ത്ഥിക്കുക. ശേഷം പിതൃമോക്ഷത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക. അതിന് ശേഷം പിതൃക്കളോട് ചെയ്തിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും ഏറ്റു പറയുക. അതിന് ശേഷം ഒരു കൈയ്യില്‍ അല്‍പം പുഷ്പം, ചന്ദനം എന്നിവ എടുത്ത് ഒരു കൈ കൊണ്ട് കിണ്ടി അടച്ച് പിടിച്ച് സപ്തനദികളെ മനസ്സില്‍ ധ്യാനിക്കുക. ഗംഗാ സാന്നിധ്യം കിണ്ടിയിലെ വെള്ളത്തില്‍ ഉണ്ട് എന്നാണ് ഇതിനാധാരം.

അതിന് ശേഷം കുറച്ച് വെള്ളം എടുത്ത് തെക്കോട്ട് തിരിച്ചിട്ടിരിക്കുന്ന ഇലയുടെ നടുവില്‍ തളിക്കുക. അതിന് ശേഷം പുഷ്പവും എള്ളും കൈയ്യിലെടുത്ത് അത് അല്‍പം ചന്ദന വെള്ളത്തില്‍ മുക്കി രണ്ട് കൈകള്‍ കൊണ്ടും തൊഴുത് പിടിച്ച് പ്രാര്‍ത്ഥിച്ച ശേഷം കൈകള്‍ തലക്ക് മുകളില്‍ ഉയര്‍ത്ത് പിതൃക്കളെ സ്മരിച്ച് കൈക്കൊള്ളുന്ന ബലി സ്വീകരിക്കണം എന്ന് പ്രാര്‍ത്ഥിച്ച് ആ പുഷ്പം ദര്‍ഭപ്പുല്ലിന്റേയും ഇലയുടേയും നടുവില്‍ വെക്കുക. എന്നിട്ട് തൊഴുത് പ്രാര്‍ത്ഥിക്കുക. തൊഴുമ്പോള്‍ ശ്രദ്ധിക്കണം. ക്ഷേത്രത്തിലെങ്കില്‍ മാത്രമാണ് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി തൊഴേണ്ടത്. എന്നാല്‍ പിതൃക്കളെ കൈകള്‍ കീഴ്പ്പോട്ടാക്കിയാണ് തൊഴേണ്ടത്

ഇത് കഴിഞ്ഞ് കിണ്ടിയില്‍ നിന്ന് മൂന്ന് പ്രാവശ്യം വെള്ളം ഇലയുടെ മധ്യത്തില്‍ ഒഴിച്ച് കൊടുക്കേണ്ടതാണ്. വെള്ളമൊഴിക്കുമ്പോള്‍ ചൂണ്ടുവിരലിനും നടുവിരലിനും ഇടയിലൂടെയാണെങ്കില്‍ ഉത്തമം എന്നാണ് പറയുന്നത്. ഇതിനെ പിതൃതീര്‍ത്ഥം എന്നും പറയുന്നുണ്ട്. മൂന്ന് പ്രാവശ്യം മുന്‍പ് ചെയ്ത പോലെ തന്നെ പുഷ്പവും ചന്ദനവും വെച്ച് ആരാധിക്കുക. അതിന് ശേഷം പിണ്ഡം കൈയ്യിലെടുത്ത് അതില്‍ എള്ള് നല്ലതുപോലെ ചേര്‍ക്കുക. പിന്നീട് പിണ്ഡം കൈയ്യിലെടുത്ത് പിതൃക്കളെ നല്ലതുപോലെ മനസ്സില്‍ സ്മരിക്കുക.

നല്ലതു പോലെ പ്രാര്‍ത്ഥിച്ച ശേഷം പിണ്ഡം ഇലയില്‍ സമര്‍പ്പിക്കുക. ഒന്നു കൂടി കീഴ്പ്പോട്ട് തൊഴുത് പ്രാര്‍ത്ഥിക്കുക. അതാണ് ഉത്തമം എന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. പിണ്ഡം സമര്‍പ്പിച്ചതിന് ശേഷം മൂന്ന് പ്രാവശ്യം കിണ്ടിയിലെ വെള്ളം സമര്‍പ്പിക്കുക, അതിന് ശേഷം മൂന്ന് തവണ ചന്ദനവെള്ളം സമര്‍പ്പിക്കുക, മൂന്ന് പ്രാവശ്യം പുഷ്പം സമര്‍പ്പിക്കുക. അത് കഴിഞ്ഞ് കുറച്ച് എള്ള് എടുത്ത് എള്ള് ചേര്‍ത്ത വെള്ളം മൂന്ന് പ്രാവശ്യം പിണ്ഡത്തിന് മുകളില്‍ ഒഴിക്കുക. ശേഷം ഒന്നു കൂടി തൊഴുത് പ്രാര്‍ത്ഥിക്കുക. ബലിപിണ്ഡം സ്വീകരിക്കണം എന്ന് വേണം പ്രാര്‍ത്ഥിക്കാന്‍.

പിന്നീട് പതുക്കെ എഴുന്നേറ്റ് പിണ്ഡത്തിനേയും നിലവിളക്കിനേയും മൂന്ന് പ്രാവശ്യം വലം വെച്ച് തെക്കോട്ട് നമസ്‌കരിക്കുക. അതിന് ശേഷം അവിടെ തന്നെ ഇരുന്ന് പുഷ്പം രണ്ട് കൈയ്യിലും എടുത്ത് പ്രാര്‍ത്ഥിച്ച് ആ പുഷ്പം മുകളിലേക്ക് ഇടുക. ശേഷം പിണ്ഡവും ഇലയും എല്ലാം എടുത്ത് പുറത്ത് വെച്ച് കൈകൊട്ട് കാക്കയെ വിളിക്കുക. അല്ലെങ്കില്‍ ജലാശയങ്ങളില്‍ ഒഴുക്കിക്കളയാവുന്നതും ആണ്. വൃത്തിയുള്ള ശുദ്ധിയുള്ള സ്ഥലത്താണ് പിണ്ഡം നിമഞ്ജനം ചെയ്യേണ്ടത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. തലേദിവസം ഒരിക്കല്‍ എടുത്ത് ബലി അനുഷ്ഠിക്കുന്നതാണ് ഉത്തമം.

shortlink

Related Articles

Post Your Comments


Back to top button