KeralaLatest News

ശിവരാത്രി മണപ്പുറത്ത് കർക്കടക അമാവാസിയായ നാളെ ബലിതർപ്പണം മുടങ്ങില്ല : ക്രമീകരണങ്ങൾ ഇങ്ങനെ

ആലുവ∙ പെരിയാറിലെ ജലനിരപ്പുയർന്നെങ്കിലും ശിവരാത്രി മണപ്പുറത്ത് കർക്കടക അമാവാസിയായ നാളെ പിതൃകർമങ്ങൾ മുടങ്ങില്ല. തർപ്പണത്തിന്റെ ഭാഗമായി പുഴയിൽ മുങ്ങിനിവരുന്നതിനു മാത്രമേ തടസ്സമുണ്ടാകൂ. തോട്ടയ്ക്കാട്ടുകര– മണപ്പുറം റോഡിന്റെ ഇരുവശത്തുമായി ദേവസ്വം ബോർഡ് അൻപതോളം ബലിത്തറകൾ സജ്ജീകരിക്കും. മണപ്പുറത്തു നേരത്തേ ബലിത്തറകൾ ലേലം ചെയ്തവർക്കാണ് ഇവിടെ കർമങ്ങൾ നടത്താൻ അനുമതി നൽകുക. ഈ പുരോഹിതരുടെ പട്ടിക പൊലീസിനു കൈമാറി.

മുകളിലെ ശിവക്ഷേത്രത്തിൽ പുലർച്ചെ മൂന്നരയ്ക്കു മേൽശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിലഹവന നമസ്കാരവും മറ്റും ആരംഭിക്കും. ഐതിഹ്യപ്പെരുമയുള്ള ആലുവ മണപ്പുറത്താണ് ഏറ്റവുമധികം ആളുകൾ ബലിതർപ്പണത്തിന് എത്തുന്നത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ഒട്ടേറെപ്പേരെത്തും. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ഇക്കൊല്ലം മൂന്നു തവണ ആറാട്ടു നടന്നു. ഇന്നലെ പുലർച്ചെയായിരുന്നു മൂന്നാമത്തെ ആറാട്ട്. അഞ്ചു വർഷം മുൻപും മൂന്നു തവണ ആറാട്ട് ഉണ്ടായിരുന്നു.

അഞ്ചു ദിവസത്തിനു ശേഷമാണ് അന്നു ക്ഷേത്രാങ്കണത്തിൽ നിന്നു വെള്ളം ഇറങ്ങിയത്. ശ്രീകോവിലെ സ്വയംഭൂ പ്രതിഷ്ഠയായ ശിവലിംഗം മുങ്ങിയാൽ ആറാട്ടു നടന്നതായി കണക്കാക്കും. പ്രകൃതിയുടെ ഒരു ആറാട്ട് പതിനായിരം നവീകരണ കലശത്തിനു തുല്യമാണെന്നാണ് വിശ്വാസം. ഇത്തവണ ബലിതർപ്പണത്തിനു തടസ്സമുണ്ടാകാത്ത വിധത്തിൽ പെരിയാറ്റിലെ ജലനിരപ്പ് ക്രമീകരിക്കണമെന്നു ദേവസ്വം ബോർഡ് കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അണക്കെട്ടുകൾ നിറഞ്ഞതോടെ അവർ നിസ്സഹായാവസ്ഥ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button