കോട്ടയ്ക്കൽ പരമേശ്വരൻ നമ്പൂതിരി അനുസ്മരണ സമിതിയുടെ ഭാഗമായി പ്രശസ്ത കഥകളി ഗായകനായിരുന്ന കോട്ടക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ ഈ വർഷത്തെ അനുസ്മരണ ദിനം ഓൺലൈനിൽ ആഘോഷിക്കപ്പെട്ടു. കോവിഡ് കാലമായതിനാൽ എല്ലാ വർഷവും കഥകളി ആസ്വാദകരുടെ സാന്നിധ്യത്തിൽ നടത്തപ്പെടുന്ന ചടങ്ങുകളും പരിപാടികളും ഇത്തവണ പൂർണമായും കൊച്ചേട്ടൻ – എന്ന കോട്ടക്കൽ പരമേശ്വരൻ നമ്പൂതിരി അനുസ്മരണ സമിതിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് നടന്നത്. രാവിലെ പത്ത് മണിക്ക് അദ്ദേഹത്തിന്റെ ഭാര്യ സാന്താ അന്തർജ്ജനം നിലവിളക്കു കൊളുത്തി ലൈവ് ആയി പരിപാടി ഉദ്‌ഘാടനം ചെയ്തു. കഥകളി പാട്ടുകാരനായ കോട്ടക്കൽ പി ഡി നമ്പൂതിരി, എറ്റിക്കട രാമൻ നമ്പൂതിരി എന്നിവർ ഗുരുവന്ദനം നടത്തി തുടങ്ങി വച്ച സംഗീത വിരുന്നു പിന്നീട് വൈകുന്നേരം വരെ തുടർന്നു.
കൊച്ചേട്ടൻ അനുസ്മരണവും ഉദ്‌ഘാടന പ്രഭാഷണവും ഫെയ്‌സ്ബുക്കിലൂടെ കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ ഡോക്ടർ ടി എസ് മാധവൻ കുട്ടി നിർവ്വഹിച്ചു, തുടർന്നു കോട്ടക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ പേരിൽ എല്ലാ വർഷവും നൽകപ്പെടുന്ന ഗുരുദക്ഷിണാ പുരസ്‌കാരം വൈക്കം പുരുഷോത്തമൻ നായർ ആശാന് സമർപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് പി ഡി നമ്പൂതിരിയും എറ്റിക്കട രാമൻ നമ്പൂതിരിയും ആദരം അർപ്പിച്ചത്, തുടർന്നു ആചാര്യ വന്ദനവും നടത്തി. കോട്ടക്കൽ നാരായണനും അഭിജിത്തും ചേർന്ന് നടത്തിയ ലൈവ് കഥകളിപ്പദ കച്ചേരിയ്ക്ക് പുറമെ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, ബാബു നമ്പൂതിരി, കുറൂർ വാസുദേവൻ നമ്പൂതിരി, പീശപ്പള്ളി രാജീവൻ, നെടുമ്പിള്ളി റാം മോഹൻ, വിജയൻ നെടുങ്ങാടി, തുടങ്ങിയ ഒട്ടേറെ പ്രമുഖർ അനുസ്മരണ പ്രഭാഷണവും തുടർന്ന ഗുരുവന്ദനവും നടത്തി. വൈകുന്നേരം മൂന്ന് മണിയോടെ പ്രശസ്ത കഥകളി സംഗീതജ്ഞനായ കോട്ടക്കൽ മധു ലൈവുമായി പങ്കുചേർന്നു.
കൊച്ചേട്ടൻ പാടിയ ദക്ഷയാഗം കഥകളിയോടെയാണ് ഫെയ്‌സ്ബുക്കിലെ പരിപാടികൾ അവസാനിച്ചത്. പരിപാടികൾ പൂർണ്ണമായും അനുസ്മരണ സമിതിയുടെ ഫെയ്‌സ്ബുക്ക് പേജിൽ ലഭ്യമാണ്. ലിങ്ക്: https://www.facebook.com/groups/kochettan/ അനുസ്മരണം ഇത്തവണ ഓൺലൈൻ ആയി എങ്കിലും ഗുരുദക്ഷിണാ പുരസ്കാരമടക്കമുള്ള എല്ലാ ചടങ്ങുകളും മുടങ്ങാതെ നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അനുസ്മരണ സമിതി അറിയിച്ചു.
Post Your Comments