തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്യാന്‍ സഹായിച്ച അരുണ്‍ ബാലചന്ദ്രന് ഉന്നതങ്ങളില്‍ ബന്ധങ്ങള്‍. ഡിജിപി ലോക്നാഥ് ബെഹ്‌റ അടക്കമുള്ളവരുമായി സൗഹൃദം സ്ഥാപിച്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അരുണ്‍ പരിചയത്തിലാകുന്നത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധമുണ്ടെന്നു വ്യക്തമായതിനെത്തുടര്‍ന്ന് ഐടി പാര്‍ക്കുകളുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും അരുണിനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. അരുണിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്.
അരുണിന്റെ ഉന്നത ബന്ധങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് പേജ്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നില്‍ക്കുന്ന നിരവധി ചിത്രങ്ങളുള്ള ഫെയ്‌സ്ബുക് പേജ് പിന്നീട് അപ്രത്യക്ഷമായി. തന്റെ മാഗസിനിന്റെ കവര്‍ ഫോട്ടോ ചിത്രീകരണത്തിന് ഡിജിപിയുടെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഫോട്ടോഷൂട്ടാണ് അരുണ്‍ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അരുണിന്റെ ഉന്നത പൊലീസ് ബന്ധങ്ങളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും.
Post Your Comments