Latest NewsKeralaNews

ഭൂരഹിത ഭവനരഹിതർക്കായി പതിനാല് ജില്ലകളിലും കെയർ ഹോം ഫ്‌ളാറ്റ് സമുച്ചയം

തിരുവനന്തപുരം • പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഭൂരഹിത ഭവനരഹിതർക്കായി സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചു നൽകും.

ഓരോ സമുച്ചയത്തിലും 30 മുതൽ 40 വരെ കുടുംബങ്ങൾക്ക് താമസിക്കാവുന്ന രീതിയിൽ അഞ്ഞൂറോളം സ്‌ക്വയർഫീറ്റ് വീസ്തീർണ്ണമുള്ള ഫ്ലാറ്റുകളാകും ഉണ്ടാവുക എന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൂടാതെ ഓരോ സമുച്ചയത്തിലും കുട്ടികളുടെ കളിസ്ഥലം, അംഗനവാടി, മീറ്റിംഗ്ഹാൾ, വായനശാല, മാലിന്യസംസ്‌ക്കരണസൌകര്യം, പാർക്കിംഗ് സൌകര്യം എന്നിവയും അതാതു സ്ഥലത്തെ സാഹചര്യങ്ങൾക്കനുസരിച്ച് ഒരുക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെയർഹോം പദ്ധതിയുടെ ആദ്യഘട്ടത്തിൽ രണ്ടായിരം വീടുകൾ സഹകരണ വകുപ്പ് നിർമിച്ചു നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ടത്തിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ അധ്യക്ഷത വഹിക്കും.

തൃശൂർ ജില്ലയിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിക്കായി വാങ്ങി നൽകിയ ഒരു ഏക്കർ ആറ് സെന്റ് സ്ഥലത്തു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ ഫ്ലാറ്റ് സമുച്ചയ നിർമാണത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽകുമാർ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് തുടങ്ങിയവർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.

കളക്ടർമാർ തെരഞ്ഞെടുത്ത് റവന്യൂ, ദുരന്തനിവാരണ വകുപ്പ് വഴി ലഭ്യമായ ഗുണഭോക്തൃപട്ടികയിൽ നിന്നാണ് കെയർ ഹോം പദ്ധതിയുടെ ഗുണഭോക്താക്കളെ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button