KeralaLatest NewsNews

ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ നടപടിയുമായി പോലീസ്

കൊച്ചി: ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ നടപടിയുമായി പോലീസ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയടക്കം ചോദ്യംചെയ്തതിന് ശേഷമാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഈ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

Read Also: കേരളത്തിൻ്റേത് സ്ഥിരം പല്ലവി : പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ജോര്‍ജ് കുര്യന്‍

ആര്‍ക്കെതിരേയും കേസെടുത്തില്ലെങ്കിലും ആത്മഹത്യ ചെയ്യാന്‍ തക്കതായുള്ള മാനസികാഘാതം മിഹിറിന് ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. സ്‌കൂള്‍ അധികൃതരെയടക്കം വരുംദിവസങ്ങളില്‍ വീണ്ടും ചോദ്യംചെയ്യും.

മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്നു ബിനു അസീസ്.

കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിര്‍ അഹമ്മദ് താമസ സ്ഥലത്തെ ഫ്ളാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിര്‍ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്. മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button