KeralaLatest NewsNews

സ്വർണക്കടത്ത് കേസ്; ഫൈസൽ ഫരീദിന് സിനിമാ മേഖലയുമായി അടുത്ത ബന്ധം

കൊച്ചി: സ്വർണക്കടത്ത് കേസിൽ പിടിയിലായ മൂന്നാം പ്രതി തൃശൂര്‍ കൈപ്പമംഗലം സ്വദേശിയായ ഫൈസൽ ഫരീദിന് സിനിമ താരങ്ങളുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ടുകൾ. ദുബായില്‍ കഴിയുന്ന ഇയാള്‍ക്ക് നിര്‍മാതാക്കളടക്കം മലയാള സിനിമയില്‍ വലിയ സൗഹൃദവലയമുണ്ട്‌.സ്വര്‍ണം, ഹവാല ഇടപാടുകാരെ മലയാള സിനിമയുമായി ബന്ധിപ്പിക്കുന്ന ദുബായിയിലെ കണ്ണിയാണ്‌ ഇയാളെന്നു സംശയിക്കുന്നു.

നയതന്ത്ര പാഴ്‌സലിലെ സ്വര്‍ണക്കടത്തിന്റെ ദുബായിയിലെ ഉറവിടം ഫൈസലാണെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തിയിരുന്നു. ഇങ്ങനെ കൊണ്ടുവരുന്ന സ്വര്‍ണം കേരളത്തിലും പുറത്തും എത്തുന്നു. ഇതിന് പുറമേ ജുവലറി, സിനിമാ മേഖലകളിലും ഈ സ്വര്‍ണം എത്തുന്നുണ്ടെന്നാണു കണ്ടെത്തല്‍. സിനിമാ മേഖലയില്‍ മെറ്റല്‍ കറന്‍സിയെന്ന നിലയില്‍ സ്വര്‍ണം കൈമാറ്റം പ്രചാരത്തിലുണ്ടെന്ന്‌ ഈ മേഖലയിലുള്ളവര്‍ വ്യക്‌തമാക്കുന്നു.

2019 ഓഗസ്‌റ്റ്‌ 22-ന്‌ കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ തെലുങ്ക്‌ സിനിമയുടെ മലയാളം പതിപ്പ്‌ പുറത്തിറക്കിയ ചടങ്ങില്‍ ഫൈസല്‍ പങ്കെടുത്തിരുന്നെന്ന്‌ എന്‍.ഐ.എയ്‌ക്കു വിവരം ലഭിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ നിര്‍മാതാവും സംവിധായകനുമായ വ്യക്‌തിയുമായുള്ള ബന്ധമാണ്‌ പരിപാടിയിലേക്ക്‌ ഇയാളെ എത്തിച്ചത്‌.പരിപാടിയില്‍ പ്രമുഖ നടന്‍മാരും നടിയും വിതരണക്കാരുമൊക്കെ പങ്കെടുത്തിരുന്നു. ഈ തെലുങ്ക്‌ സിനിമയുമായി ബന്ധപ്പെട്ട്‌ ഫൈസല്‍ ഏഴു കോടി രൂപ ചെലവഴിച്ചെന്നാണു സൂചന. പക്ഷേ, സിനിമ ബോക്‌സോഫീസില്‍ നിലംപരിശായി. അതേസമയം, ഈ സിനിമയുമായി ബന്ധപ്പെട്ട മലയാളികള്‍ക്ക്‌ സാമ്പത്തിക ബാധ്യതയുണ്ടായില്ല. ഇവര്‍ പിന്നീട്‌ മറ്റു പല സിനിമകള്‍ക്കും കോടികള്‍ മുടക്കിയെന്നു സിനിമാ മേഖലയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ടവര്‍ക്ക്‌ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനയുടെ ചുവടുപിടിച്ച്‌ അന്വേഷണം നടന്നില്ല. തിരുവനന്തപുരത്തെ “ഡീല്‍ വുമണ്‍” ഇടപെട്ട്‌ അന്വേഷണത്തിന്റെ മുനയൊടിച്ചെന്നാണു വിവരം. ഈ ഡീല്‍ വുമണ്‍ സ്വപ്‌നയാണെന്നു സംസാരമുണ്ട്‌. സ്വര്‍ണക്കടത്തിന്റെ കാരിയര്‍മാരായി സിനിമയില്‍ സജീവമല്ലാത്ത നടിമാരും നടന്‍മാരും ഉള്ളതായും കസ്‌റ്റംസിനും എന്‍.ഐ.എയ്‌ക്കും വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button