തിരുവനന്തപുരം: പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ ജി എസ്.ശ്രീജിത്ത് അറിയിച്ചു. ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. പോക്സോ വകുപ്പുകള്‍ നിലവില്‍ ചുമത്തിയിട്ടില്ല. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് ഡി.വൈ.എസ്.പി മധുസൂധനന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ആവശ്യമെങ്കില്‍ വീണ്ടും കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കും. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്‍ പീഡിപ്പിച്ച് പിടിയിലായി റിമാന്റ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതായാണ് സൂചനകള്‍. പ്രതിയായ കുനിയില്‍ പത്മരാജന്‍ നിലവില്‍ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലാണ്.
മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 17 ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്തുണ്ടായിരുന്നിട്ടും പ്രതിയെ പിടികാന്‍ പൊലീസിനായിരുന്നില്ല. പിന്നീട് ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പൊലീസ് അറസറ്റ് ചെയ്തത്. ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയാണ് പ്രതി. ഇയാള്‍ സംസ്ഥാനം വിട്ടുവെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പാനൂരില്‍വെച്ചു തന്നെ അറസ്റ്റിലാകുന്നത്.
Post Your Comments