കൊച്ചി: പാലത്തായി പീഡന കേസില്‍ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഈ സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഇരയെ കേള്‍ക്കാതെ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച തലശ്ശേരി പോക്‌സോ കോടതി നടപടി നിയമ വിരുദ്ധമാണെന്നും പോക്‌സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നല്‍കിയതിനാല്‍ തലശ്ശേരി പോക്‌സോ കോടതിയ്ക്ക് പ്രതിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ മൊഴിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് പോക്‌സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് ഡി.വൈ.എസ്.പി മധുസൂധനന്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 17 ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്തുണ്ടായിരുന്നിട്ടും പ്രതിയെ പിടികാന്‍ പൊലീസിനായിരുന്നില്ല. പിന്നീട് ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പൊലീസ് അറസറ്റ് ചെയ്തത്. ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയാണ് പ്രതി. ഇയാള്‍ സംസ്ഥാനം വിട്ടുവെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പാനൂരില്‍വെച്ചു തന്നെ അറസ്റ്റിലാകുന്നത്. എന്നാല്‍ കുട്ടിയുടെ മൊഴി പോലും കണക്കിലെടുക്കാതെ ശക്തമായ വകുപ്പുകള്‍ ചുമത്താതെ കുറ്റപത്രം സമര്‍പ്പിച്ചതോടെ പത്മരാജന് ജാമ്യം ലഭിക്കുകയായിരുന്നു.
Post Your Comments