പത്തനംതിട്ട: തികച്ചും നോർമ്മലായി എത്തിയ തനിക്ക് കോവിഡ് ബാധിച്ചത് സർക്കാർ ക്വാറന്റൈൻ സെന്ററിൽ നിന്നാണെന്ന് ആരോപണവുമായി യുവാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. കൂടെ വന്നവർ സ്വന്തം വീടുകളിലേക്ക് പോയതിനാൽ അവർക്ക് കോവിഡ് ബാധ ഉണ്ടായില്ല. താൻ ക്വാറന്റൈനിൽ ഉണ്ടായിരുന്ന സെന്ററിൽ ഉള്ള കോവിഡ് രോഗികളിൽ നിന്നാണ് തനിക്ക് കോവിഡ് ബാധയുണ്ടായതെന്നും റോഷൻ എന്ന യുവാവ് ആരോപിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
അങ്ങനെ നാളുകൾക്ക് ശേഷം covid19 നെഗറ്റീവ് ആയിക്കിട്ടി.!
ജൂൺ 15ആം തീയ്യതി കൊച്ചിയിൽ വിമാനമിറങ്ങി പത്തനംതിട്ടയിൽ ഒരു KSRTC ബസ്സിലാണ് പോയത്.. അവിടെനിന്ന് ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിന്റെ വിമൻസ് ഹോസ്റ്റലിൽ സർക്കാർ ക്വാറന്റൈനിൽ ആയിരുന്നു.
ഈ ക്വാറന്റൈൻ സെന്ററിൽ ഞാനടക്കം 45 പേരാണ് ഉണ്ടായിരുന്നത്. ആകെയുള്ള ബാത്റൂമുകൾ അഞ്ചെണ്ണവും. ഒരു മുറിയിൽ രണ്ടുപേർ താമസിക്കണം..
ഇത് അറിഞ്ഞയുടനെ സെന്റർ നടത്തുന്നവരെ വിളിച്ചു എനിക്ക് അടൂരിൽ പൈഡ് ക്വാറന്റൈൻ വേണമെന്ന് ആവശ്യപ്പെട്ടു.
അവര് വൈകുന്നേരത്തിനുള്ളിൽ ശരിയാക്കാം എന്നുപറഞ്ഞു.
വൈകുന്നേരം വിളിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറിയെ വിളിക്കണം എന്നുപറഞ്ഞു.
അവരെ വിളിച്ചപ്പോൾ അടൂരിലെ പഞ്ചായത്ത് സെക്രട്ടറിയെ വിളിക്കണം എന്നുപറഞ്ഞു.
അവരെ വിളിച്ചപ്പോൾ തഹസിൽദാരെ വിളിക്കണം എന്നുപറഞ്ഞു.
അവരെ വിളിച്ചപ്പോൾ ഡോക്ടർ ആണ് തീരുമാനിക്കേണ്ടത് എന്നുപറഞ്ഞു.
അങ്ങനെയങ്ങനെ വിളിച്ചു വിളിച്ചു രണ്ടുദിവസം കഴിഞ്ഞുപോയി.
ഈ രണ്ടുദിവസത്തിനിടയിൽ നമ്മുടെ ക്വാറന്റൈൻ സെന്ററിൽ നിന്ന് നാലുപേര് covid പോസിറ്റീവ് ആയി ആശുപത്രിയിലേക്ക് യാത്രയും ആയി..
അവിടെ നിന്നും Covid വരാതിരിക്കുക എന്നത് ഒരു ഭാഗ്യം മാത്രമാണ് എന്നും തിരിച്ചറിവ് വന്നിരുന്നു. കുളിക്കൽ രണ്ടുദിവസത്തിൽ ഒരിക്കൽ മാത്രമായി പരിമിതപ്പെടുത്തി. പക്ഷെ ടോയ്ലെറ്റിൽ പോകാതിരിക്കാൻ കഴിയില്ലല്ലോ.. എത്രസമയം പിടിച്ചു നിൽക്കാൻ പറ്റും..
പോയി.. തോന്നുമ്പോൾ ഒക്കെ പോയി.
അങ്ങനെ ജൂൺ 22 ആം തീയ്യതി ഞാനടക്കം 23 പേരെ ടെസ്റ്റ് ചെയ്തു. 11 പേര് പോസിറ്റീവ് ആയി..
ചുരുക്കിപ്പറഞ്ഞാൽ കൊറോണ വരാതിരിക്കാൻ ക്വാറന്റൈനിൽ കിടന്ന് ക്വാറന്റൈൻ സെന്ററിന്റെ ഉള്ളിൽ നിന്ന് കൊറോണ ബാധിച്ചു.
അന്നും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ വിദേശത്തുനിന്നുവന്നവർക്കാണ് പോസിറ്റീവ് എന്ന് പറയുന്നുണ്ടായിരുന്നു..
എനിക്ക് പോസിറ്റീവ് ആണെന്ന് അറിഞ്ഞയുടനെ മലേഷ്യയിലെ വീട്ടിലോട്ട് വിളിച്ചു കാര്യം അറിയിച്ചു. അവര് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ്.
എന്റെ കൂടെ ഫ്ലൈറ്റിൽ വന്ന Krishnendhu R Nair നെയും നിഖിലിനെയും വിളിച്ചു.. അവരും ചെക്ക് ചെയ്തു നെഗറ്റീവ് ആണ്..
പിന്നെ കുറച്ചു ദിവസം പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയിൽ ആയിരുന്നു.. സാധാരണ കൊറോണയുടെ യാതൊരു ലക്ഷണങ്ങളും എനിക്ക് ഇല്ലായിരുന്നു. ഒരു ജലദോഷം പോലും ഇല്ല. അതുകൊണ്ട് റാന്നിയിൽ ഒരു അറ്റാച്ഡ് ബാത്രൂം ഒക്കെയുള്ള ഐസൊലേഷൻ റൂമിലോട്ട് മാറ്റി..
ഇത് ആദ്യമേ ചെയ്തിരുന്നെങ്കിൽ ഒരാഴ്ച കൊണ്ട് വീട്ടിലെത്താമായിരുന്നു.
സുഖപ്പെടുത്താൻവേണ്ടി മുറിപ്പെടുത്തി എന്നൊക്കെ അക്ഷരാർത്ഥത്തിൽ പറയാം. എന്നിരുന്നാലും ഇന്ന് നെഗറ്റീവ് ആണെന്ന് റിസൾട്ട് വന്നു. ഇനി വീട്ടിൽ പോകാം. ഭാര്യയെ കാണാം ❤️
Post Your Comments