ജയ്പൂര്‍: രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റുമായി സമവായ ചര്‍ച്ചയ്ക്ക് ശ്രമിച്ച കോണ്‍ഗ്രസ് പരാജയപ്പെട്ടു. കോണ്‍ഗ്രസുമായി ഉടക്കി പുറത്തേക്ക് പോകാന്‍ തന്നെ ഒരുങ്ങി നില്‍ക്കുകയാണ് സച്ചിന് പൈലറ്റ് എന്നാണ് വ്യക്തമാകുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുമായി സമവായചര്‍ച്ചകള്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകളും സച്ചിന് നിഷേധിച്ചു. ഇതോടെ സ്വന്തം പക്ഷത്തെ എംഎല്‍എമാരെ എല്ലാവരെയും ഒരു റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്.
സച്ചിന് പൈലറ്റുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് സമവായ ചര്‍ച്ചകളില്‍ താന്‍ പങ്കെടുക്കില്ലെന്ന് സച്ചിന് പറഞ്ഞ പ്രസ്താവന. എന്നാല്‍ ഇപ്പോഴും ഭരണം തുടരാനുള്ള അംഗബലം തങ്ങള്‍ക്കുണ്ടെന്ന് ഗെലോട്ട് അവകാശപ്പെട്ടു. ഇതിനായി ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരെയെല്ലാം വീട്ടിലേക്ക് ക്ഷണിച്ച് സ്വന്തം പക്ഷത്തെ എംഎല്‍എമാരുടെ എണ്ണമെടുത്ത് കാണിച്ചുകൊടുക്കുകയായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോണ്‍ഗ്രസിന് ആകെയുള്ള 107 എംഎല്‍എമാരില്‍ 100 പേര് തന്നോടൊപ്പം ഉണ്ടെന്നാണ് ഗെലോട്ട് അവകാശപ്പെടുന്നത്. ചാക്കിട്ടുപിടിത്തം ഒഴിവാക്കാന്‍ ജയ്പൂരിന് പുറത്തുള്ള ഒരു ഹോട്ടലിലേക്ക് എല്ലാ എംഎല്‍എമാരെയും മാറ്റുകയും ചെയ്തു.
അതേസമയം ഗെലോട്ടിന്റെ അവകാശവാദങ്ങള്‍ നിഷേധിക്കുകയാണ് സച്ചിന് പൈലറ്റ്. രാജസ്ഥാനിലെ 107 അംഗ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 30 പേരെയും സ്വന്തം പക്ഷത്ത് നിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ന്യൂനപക്ഷമായെന്ന് സച്ചിന് പൈലറ്റ് അവകാശപ്പെട്ടു. അതേസമയം, ബിജെപിയുമായി പിന്നാമ്പുറചര്‍ച്ചകള്‍ ഇപ്പോഴും സച്ചിന് പൈലറ്റ് നടത്തുന്നുവെന്നാണ് സൂചനകള്‍.
മുഖ്യമന്ത്രി അശോക് ഗെലോട്ട് ജയ്പൂരില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് ചേര്‍ത്തതില്‍ പങ്കെടുക്കില്ലെന്ന് സച്ചിന് പൈലറ്റ് പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു. ഇതും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസിന് മുന്നില്‍ ഉണ്ടാക്കിയിരിക്കുന്നത്. സിന്ധ്യയ്ക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ ഏറെ ജനപിന്തുണയുള്ള ഒരാളായ സച്ചിന് കൂടെ പാര്‍ട്ടി വിടുകയാണെങ്കില്‍ കോണ്‍ഗ്രസിന് അത് കനത്ത തിരിച്ചടിയാകും നല്‍കുക. സച്ചിന് ഇടഞ്ഞു നില്‍ക്കുന്നതിനെ തുടര്‍ന്ന് പ്രിയങ്കാ ഗാന്ധിയടക്കം പല മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു.
ജയ്പൂരില്‍ നിന്ന് ദില്ലിയിലെത്തിയാണ് സച്ചിന് ഇത്തരത്തില്‍ പരസ്യ പ്രസ്താവന നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ദേശീയരാഷ്ട്രീയത്തിലെന്ന പോലെ രാജസ്ഥാനിലെ കോണ്‍ഗ്രസിലും നിലനില്‍ക്കുന്ന ഈ മൂപ്പിളമത്തര്ക്കത്തിന് അവസാനമുണ്ടാകണം എന്നുറപ്പിച്ചാണ് സച്ചിന് ദില്ലിയിലെത്തിയത്. അതേസമയം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ത്തന്നെ പറഞ്ഞ് തീര്‍ക്കണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പട്ടു. എല്ലാ വാതിലുകളും തുറന്ന് കിടക്കുകയാണെന്ന പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശവും സച്ചിന് കൈമാറി.
എന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി തര്‍ക്കം ഏറെ രൂക്ഷമാണെന്ന് തെളിയിക്കുന്നതായിരുന്നു അശോക് ഗെലോട്ടിന്റെ പ്രസ്താവന. പാര്‍ട്ടി നേതൃത്വം എന്തുതന്നെ ആവശ്യപ്പെട്ടാലും, സ്വന്തം ഉപമുഖ്യമന്ത്രിയുമായി യാതൊരുതരത്തിലും സമവായചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന സന്ദേശമാണ് അശോക് ഗെലോട്ട് നല്‍കിയത്. ജയ്പൂരില്‍ ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തില്‍ അച്ചടക്കം ലംഘിച്ച്, പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും എതിരെ പ്രവര്‍ത്തനം നടത്തിയ എംഎല്‍എയ്ക്ക് എതിരെയും സച്ചിന് പൈലറ്റിനെതിരെയും ശക്തമായ നടപടി വേണമെന്ന ആവശ്യമുയര്‍ന്നു. ഇത് യോഗത്തില്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments