ന്യൂഡൽഹി: കോവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരതിന്റെ പുരോഗതി വിലയിരുത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിന് പിന്നാലെ പ്രോഗ്രസ് റിപ്പോർട്ട് കേന്ദ്രസർക്കാർ പുറത്തിറക്കി. കോവിഡ് വരുത്തിയ സാമ്പത്തിക ആഘാതം മറികടക്കാൻ 21 ലക്ഷം കോടിയുടെ പദ്ധതിയാണ് ആത്മനിർഭർ ഭാരതിലൂടെ പ്രഖ്യാപിച്ചത്.
ഒന്നര മാസത്തിനിടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം ബിസിനസ് സംരംഭങ്ങൾക്ക് വായ്പാ സഹായം നൽകുന്നതിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പാ സഹായമാണ് പ്രഖ്യാപിച്ചിരുന്നത്.
ഏപ്രിൽ എട്ടിനും ജൂൺ 30 നും ഇടയിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് 20.44 ലക്ഷം കേസുകളിൽ റീഫണ്ട് അനുവദിച്ചെന്നും 62,361 കോടി രൂപ ഈ തരത്തിൽ വിതരണം ചെയ്തെന്നും കേന്ദ്ര സർക്കാർ പറയുന്നു.
ALSO READ: കോണ്‍ഗ്രസിന് കനത്ത ആഘാതം സൃഷ്ടിച്ച് ഒരു എംഎല്‍എ കൂടി രാജിവച്ച് ബിജെപിയില്‍
ഖാരിഫ് കൊയ്ത്ത് നല്ല വിള നൽകിയതും കേന്ദ്രത്തിന് പ്രതീക്ഷയായി. ജൂലൈ ആറ് വരെ വിള സംഭരണത്തിനടക്കം സൗകര്യമൊരുക്കുന്നതിനായി 24,876.87 കോടി രൂപ വിതരണം ചെയ്തു. കാർഷിക മേഖലയിൽ അടിയന്തിര അടിസ്ഥാന സൗകര്യ വികസനത്തിനായി 30,000 കോടിയാണ് ആത്മ നിർഭർ ഭാരത് പദ്ധതിയിൽ പ്രഖ്യാപിച്ചത്.
Post Your Comments