തിരുവനന്തപുരം • സ്വർണക്കടത്തു കേസിൽ കേരള സർക്കാറിന് ഒന്നും ചെയ്യാനില്ല എന്ന മുഖ്യമന്ത്രിയുടെ നിരുത്തരവാദ നിലപാടു മൂലം പോലീസ് നിഷ്ക്രിയമായതു കൊണ്ടാണ് സ്വപ്ന സുരേഷിനും സന്ദീപിനും കേരളത്തിൽനിന്നും രക്ഷപെടാൻ കഴിഞ്ഞതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍.
രാഷ്ട്ര താൽപ്പര്യം പരിരക്ഷിക്കേണ്ട കേരള സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല പ്രതികൾക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുത്തു എന്ന രാജ്യദ്രോഹകുറ്റമാണ് ചെയ്തിട്ടുള്ളത്. NIA പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ് കേരള സർക്കാർ പോലീസിന്റെ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അപ്പാർട്ട്മെന്റിൽ പ്രതികളെല്ലാം ഗൂഢാലോചന നടത്തിയ ശേഷം ലോക്ക്ഡൗണിന്റെ എല്ലാ നിയന്ത്രണങ്ങളും ഉണ്ടായിരിക്കെ എങ്ങനെ തലസ്ഥാനത്തുനിന്നും രക്ഷപെട്ടു?
പ്രതികൾ രക്ഷപെട്ടതിലല്ല, മറിച്ചു പ്രതികൾക്ക് എതിരെ പ്രതിഷേധിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് വിഷമം. കേസിൽ അതിശക്തമായ നിലപാട് സ്വീകരിച്ച കേന്ദ്ര മന്ത്രി മുരളീധരനെ പച്ചക്കള്ളം പറഞ്ഞ് അപകീർത്തിപ്പെടുത്താനാണ് കോടിയേരി ശ്രമിച്ചത്. രണ്ടു പേർക്കും കേസ് എങ്ങനെയും അട്ടിമറിക്കുക മാത്രമാണ് ലക്ഷ്യമെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments