തിരുവനന്തപുരം: കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ 4 ദിവസം കിണഞ്ഞുശ്രമിച്ച സ്വപ്ന ഒളിവില്‍ പോയത് ബാഗേജ് പരിശോധന തുടങ്ങിയപ്പോള്‍. വമ്പന്മാരുടെ തണലില്‍ ആറു ദിവസമായി ഒളിവില്‍ കഴിയുന്ന സ്വപ്‌നയുടെ ഒളി ജീവിതം കണ്ടെത്തിയ എന്‍ ഐ എ കാത്തിരിക്കുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനാണെന്നും അതുകഴിഞ്ഞാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നുമാണ് സൂചന. ജൂലൈ 5ന് ഉച്ചയ്ക്ക് ഒന്നിനാണു ബാഗേജ് പരിശോധന തുടങ്ങിയത്. വൈകിട്ട് 6ന് പൂര്‍ത്തിയായി. 3.15നു സ്വപ്ന മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു.
സന്ദീപ് നായര്‍ 2013 മുതല്‍ സ്വര്‍ണക്കടത്തുരംഗത്തുണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍. 2014ല്‍ കോടതി നിര്‍ദേശപ്രകാരം അറസ്റ്റിലായെങ്കിലും തൊണ്ടിയായി തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല. സ്ന്ദീപ് നായരെ കുറിച്ചും ആര്‍ക്കും ഒരു തുമ്പില്ല. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ഐ എ എസുകാരന്‍ ശിവശങ്കറും പ്രതിയാകാന്‍ സാധ്യത ഏറെയാണ്. ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കസ്റ്റംസ് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കൈമാറി. വിമാനത്താവളത്തിനു പുറത്തു നഗരത്തിലെ 10 ജംക്ഷനുകളിലെ ഒരു മാസത്തെ ക്യാമറ ദൃശ്യങ്ങളാണ് ഇന്നലെ കൈമാറിയത്. കസ്റ്റംസ് തേടുന്ന കാര്‍ ഈ ദൃശ്യങ്ങളില്‍ ഇല്ലെന്നാണ് സൂചന.സംഭവത്തില്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) പങ്കും അന്വേഷിക്കുന്നു. ഐ.എസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വര്‍ണം കടത്തിയവര്‍ക്കു ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണം.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗേജില്‍ സ്വര്‍ണംകടത്താന്‍ സംഘത്തെ ഉപയോഗിച്ചതിനു പിന്നില്‍ തീവ്രവാദസംഘടനകള്‍ക്കു പങ്കുണ്ടെങ്കില്‍ അതു രാജ്യസുരക്ഷയ്ക്കു വന്‍ ഭീഷണിയാണെന്ന വിലയിരുത്തലാണ് എന്‍.ഐ.എ.ക്ക്.തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തുകാര്‍ക്ക് തമിഴ്‌നാടുമായുള്ള ബന്ധവും എന്‍.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വര്‍ണം ചെന്നൈയിലേക്കാണു കൊണ്ടുപോയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Post Your Comments