തിരുവനന്തപുരം: പൂന്തുറയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്വിക്ക് റെസ്പോണ്‍സ് ടീമിനു രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. റവന്യു- പോലീസ്- ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ചാണ് ടീം രൂപീകരിച്ചിരിക്കുന്നത്. തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്‍ഡര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും.
മൊബൈല്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ എ.ടി.എം. എന്നിവ രാവിലെ പത്തു മണി മുതല്‍ അഞ്ചു വരെ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കും. പൂന്തുറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ജീവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രദേശത്തുള്ള ആശുപത്രികള്‍ ഒരു കാരണവശാലും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും കോവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാല്‍ അവരെ നിര്‍ബന്ധമായും സ്‌ക്രീനിങ്ങിന് വിധേയരാക്കണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
Post Your Comments