
വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി വൈറ്റ്ഹൗസ്. എന്നാല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ചൈനയ്‌ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റിന് മുമ്പ് നിങ്ങളെ അറിയിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും പക്ഷേ ചൈനയ്‌ക്കെതിരെയുള്ള ചില നടപടികളെക്കുറിച്ച് വളരെ വൈകാതെ നിങ്ങള്‍ കേള്‍ക്കുമെന്നും തനിക്കത് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെലഫ് മക്കനി മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് വ്യാപനത്തിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വളരെ വഷളായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെ പല അവസരങ്ങളിലായി ചൈനയ്‌ക്കെതിരെ ട്രംപ് ആഞ്ഞടിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയിലും ലോകത്തും സംഭവിച്ച വമ്പന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണം ചൈനയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു.
അതേസമയം ഹോങ്കോങ്ങില്‍ ഏര്‍പ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമം, ഉയ്ഘര്‍ മുസ്ലീംങ്ങളോടുള്ള പെരുമാറ്റം, ടിബറ്റില്‍ ഏര്‍പ്പെടുത്തിയ പുതിയ സുരക്ഷാ നിയമം, അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം, എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ വലിയ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്.
Post Your Comments