ഡല്‍ഹി: ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി വിദേശകാര്യമന്ത്രാലയത്തിനു കസ്റ്റംസ് കത്തു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് കേസിന്റെ വിശദാംശങ്ങള്‍ തേടി. യുഎഇ കോണ്‍സുലറ്റുമായും വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തി.പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേസിന്റെ വിവരങ്ങള്‍ തേടിയതായി സൂചനയുണ്ട്. ഇതുവരെയുള്ള അന്വേഷണ പുരോഗതി ധനമന്ത്രി നിര്‍മല സീതാരാമനും വി.മുരളീധരനും വിശദമായി ചര്‍ച്ച ചെയ്തു.
ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.ഭരണ സ്വാധീനം ഉപയോഗിച്ച് ഗള്‍ഫില്‍നിന്നു കേരളത്തിലേക്കു തുടര്‍ച്ചയായി സ്വര്‍ണക്കടത്ത് നടക്കുന്നുവെന്ന ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കുറച്ചു മാസങ്ങളായി ഐബി ഇതു സംബന്ധിച്ചു നിരീക്ഷണം നടത്തിവരികയായിരുന്നു.യുഎഇ കോണ്‍സുലേറ്റിലെ ഷാര്‍ഷ് ദ് അഫയ്‌റിന്റെ (കോണ്‍സല്‍ ജനറലിനു പകരം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍) പേരില്‍ വന്ന പാഴ്‌സലില്‍ നിന്നു സ്വര്‍ണം പിടിച്ചതു കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്.
രാജ്യാന്തര ബന്ധത്തെ വരെ ബാധിക്കുന്ന വിഷയമായതിനാല്‍, ശ്രദ്ധയോടെയാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നീക്കം. കൂടാതെ കേസ് സിബിഐക്കു വിട്ടതായും മാധ്യമ റിപോർട്ടുകൾ ഉണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപരമായ കാര്യമായതിനാലാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഴുവന്‍ കണ്ണികളും നിമയമത്തിന് മുന്നില്‍ എത്തും.
കസ്റ്റംസിന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ നടത്താനുള്ള അധികാരമില്ല. സ്വര്‍ണ്ണക്കടത്ത് എങ്ങോട്ടാണ്, ആര്‍ക്കു വേണ്ടിയാണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപരമായി വിഷയമായതിനാലും കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ സിബിഐയ്ക്ക് മാത്രമേ കഴിയൂ. അതിനാലാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചത്. എത്രയും വേഗം കേസിലെ പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Leave a Comment