തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സരിത്തിനും സ്വപ്നയ്ക്കും വിനയായത് ബാഗേജിന്റെ കാര്യത്തില്‍ കാണിച്ച അമിത താല്‍പര്യം. ബാഗേജ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സരിത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിരുന്നു. എന്നാൽ സുമിത് കുമാറിന്റെ ഇടപെടലാണ് കള്ളക്കടത്ത് കേസില്‍ നിര്‍ണായകമായത്. സത്യസന്ധനും ഒരു അധികാരകേന്ദ്രത്തെയും വകവയ്ക്കാത്തവനും എന്നും പേരുള്ള സുമിത് കുമാറിന് സ്വര്‍ണം നിറച്ച ബാഗേജ് തിരുവനന്തപുരത്ത് എത്തുന്നുവെന്ന് വിമാനം പുറപ്പെടും മുൻപേ വിവരം ലഭിച്ചിരുന്നു. എന്നാൽ ഒരു വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്ററിലേക്ക് വരുന്ന ഡിപ്ലോമാറ്റിക് ബാഗേജിനു വേണ്ടി കേരളത്തില്‍ നിന്നും വന്ന ചില ഫോണ്‍കോളില്‍ ഉണ്ടായിരുന്ന അമിത താത്പര്യമാണ് സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചത്.
തിരുവനന്തപുരത്ത് വിമാനം ലാന്‍ഡ് ചെയ്യുന്നതിനും മുൻപ് തന്നെ ആറോളം കോളുകളാണ് കസ്റ്റ്ംസ് ഉദ്യോഗസ്ഥരെ തേടിയെത്തിയത്. ഒരു ബാഗേജ് കാര്‍ഗോയില്‍ എത്തിയാല്‍ രണ്ടു മൂന്നു ദിവസങ്ങളെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുമിന്നിരിക്കെയാണ് ബാഗേജ് എയര്‍പോര്‍ട്ടില്‍ എത്തും മുന്നേ സംസ്ഥാന സര്‍ക്കാരിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന മറ്റൊരു പ്രമുഖന്റെയും വിളികള്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ തേടിയെത്തുന്നത്. ഒരു ബാഗേജിനുവേണ്ടി ഇത്ര അമിത താത്പര്യം കാണിക്കുന്നതെന്തിനാണെന്ന സംശയം സ്വഭാവികമായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് ഉണ്ടായി. മാത്രമല്ല, ബാഗേജിന്റെ കാര്യം വിളിച്ചവര്‍ക്ക് എങ്ങനെ അറിയാം എന്ന ചോദ്യവും ഉദ്യോഗസ്ഥനില്‍ ഉയര്‍ന്നു. കോണ്‍സുലേറ്റുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു വിളിച്ചവരെന്നതാണ് സംശയം വര്‍ദ്ധിപ്പിച്ചത്. വിളിച്ചവര്‍ ആരൊക്കെയാണെന്ന് തനിക്ക് അറിയാമെന്നും തത്കാലം അവരുടെ പേരുകള്‍ പുറത്തുവിടാത്തത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നുള്ളതുകൊണ്ടാണെന്നും സുമിത് കുമാര്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തുടർന്ന് സുമിത് കുമാര്‍ നേരിട്ട് തിരുവനന്തപുരത്ത് എത്തുകയും ചെയ്തു. എന്നാൽ കസ്റ്റംസ് കമ്മിഷണറുടെ അപ്രതീക്ഷിത വരവ് ഇവിടെയുണ്ടായിരുന്ന മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഞെട്ടിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നോ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ ആരും ബാഗേജുമായയി ബന്ധപ്പെട്ട് കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്ന ജോയ്ന്റ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ശരിയല്ലെന്നാണ് സുമിത് കുമാറിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.
ഈ ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ചാണെങ്കില്‍ സ്വപ്‌ന സുരേഷിനും സരിത്തിനും അവര്‍ക്ക് പിന്നില്‍ നിന്നവര്‍ക്കുമെല്ലാം കസ്റ്റംസില്‍ നിന്നു തന്നെ സഹായങ്ങള്‍ കിട്ടുന്നുണ്ട്. പുറത്തു വരുന്ന ഒരു സുപ്രധാന വിവരം അത് ശരിവയ്ക്കുന്നുമുണ്ട്. ഞായറാഴ്ച്ചയാണ് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് പൊട്ടിക്കുന്നത്. എന്നാല്‍ ശനിയാഴ്ച്ച തന്നെ സ്വപ്‌ന സുരേഷ് ഒളിവില്‍ പോയിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് സ്വപ്‌ന സ്ഥലം വിട്ടതെന്നാണ് അറിയുന്നത്.
Post Your Comments