ദില്ലി: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ലോകപ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയില്‍ താന്‍ നേരിട്ട ഏറ്റവും ദുഷ്‌കരമായ സമയങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ സച്ചിനെ കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോഡുളള താരം കൂടിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അദ്ദേഹം ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന സമയത്ത് തങ്ങള്‍ക്കുണ്ടാക്കിയ തലവേദന ചില്ലറയൊന്നുമല്ലായിരുന്നുവെന്നും അദ്ദേഹത്തെ എങ്ങനെ പുറത്താക്കണമെന്ന് ആലോചിച്ച് വിളിച്ചുകൂട്ടിയ ടീം മീറ്റിങ്ങുകള്‍ എത്രയാണെന്ന് തനിക്ക് ഓര്‍മയില്ലെന്നും മുന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തി.
ഇയാന്‍ ബിഷപ്പിനും എല്‍മ സ്മിറ്റിനുമൊപ്പം ‘ക്രിക്കറ്റ് ഇന്‍സൈഡ് ഔട്ട്’ എന്ന ഐസിസി പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മൊത്തത്തില്‍ ഞാന്‍ എക്കാലത്തെയും ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് പറയുമ്പോള്‍, ഏതൊരു ടീമിന്റെയും പേടിസ്വപ്നമാണ് സച്ചിനെന്നുള്ളതില്‍ സംശയമൊന്നുമില്ല. സച്ചിന്‍ ഒരു ഗംഭീരമായ സാങ്കേതികത പുലര്‍ത്തിയിരുന്നു, ഞാന്‍ ഇംഗ്ലണ്ട് നായകനായിരുന്നപ്പോള്‍, സച്ചിനെ എങ്ങനെ പുറത്താകാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ എത്ര ടീം മീറ്റിംഗുകള്‍ നടത്തിയിരുന്നുവെന്ന് എനിക്ക് ഓര്‍മയില്ല,” നാസര്‍ ഹുസൈന്‍ പറഞ്ഞു.
നിലവിലെ തലമുറയിലെ ഏറ്റവും മികച്ച ടെക്‌നിക് ഉള്ള ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് പറയുമ്പോള്‍, നിലവിലെ ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു. പന്ത് അടുത്തെത്താന്‍ സാവകാശം നല്‍കി ഏറ്റവും സോഫ്റ്റായി കളിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഇത് മൂന്ന് ഫോര്‍മാറ്റുകളുമായി നന്നായി പൊരുത്തപ്പെടാന്‍ അനുവദിക്കുന്നുവെന്നും നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ എറിഞ്ഞ ഏറ്റവും പ്രയാസമേറിയ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സച്ചിന്‍ എന്നും സച്ചിന്‍ എല്ലായ്‌പ്പോഴും സ്‌ട്രൈറ്റ് ഡ്രൈവ് അടിക്കുന്നതിനാല്‍ തന്നെ ഇത് ബൗളര്‍മാരെ വളരെയധികം ബുദ്ധിമുട്ടിലാക്കിയെന്നും ഇയാന്‍ ബിഷപ്പ് പോഡ്കാസ്റ്റില്‍ പറഞ്ഞു.
Post Your Comments