ജയ്പൂര്‍: രാജസ്ഥാനില്‍ റെയ്ഡിനിടെ പിടിക്കപ്പെട്ട ലൈംഗിക തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ റെയ്ഡില്‍ പങ്കെടുത്ത 14 പൊലീസുകാരെ ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍ പരിശോധനാ ഫലം വരും മുമ്പു തന്നെ സ്ത്രീ ജാമ്യം നേടി പുറത്തു പോയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ജൂലൈ ഒന്നാം തീയതി രാത്രിയാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴ് സ്ത്രീകളടക്കം പതിനേഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സുഖര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടിയിലായ നാലു സ്ത്രീകളില്‍ ഒരാള്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് റെയ്ഡില്‍ പങ്കെടുത്ത പൊലീസുകാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്.
Post Your Comments