കൊച്ചി: യുവ നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും പൊലീസ് പിടിയിൽ. പാലക്കാട് പെൺകുട്ടികളെ സ്വർണ കടത്തിനായി തടഞ്ഞുവച്ച കേസിലാണ് പ്രതികൾ പിടിയിലായത്. പ്രതികളായ ഹാരീസ്, അബൂബക്കർ, ശരത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും.
അതേസമയം, ഷംന കാസിം കേസിൽ പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും. ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ജൂൺ 29ന് മുഖ്യ പ്രതിയടക്കം പിടിയിലായി. ഷംനാ കാസിമിനൊപ്പം സ്റ്റേജ് ഷോകളിൽ പങ്കെടുത്ത താരങ്ങളുടെയുൾപ്പെടെ മൊഴി രേഖപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് നടൻ ധർമജൻ ബോൾഗാട്ടിയിൽ നിന്ന് സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. താരങ്ങളെ വച്ച് സ്വർണ തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇതെന്നും, ഷംനയുടേയും മിയയുടേയും നമ്പർ ചോദിച്ച് തന്നെ സമീപിച്ചിട്ടുണ്ടെന്നും ധർമജൻ വെളിപ്പെടുത്തി.
ALSO READ: സമൂഹ വ്യാപന ഭീതിയിൽ കായംകുളം; സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
തുടർന്നുണ്ടായ അന്വേഷണത്തിൽ ഷംനയെ തട്ടിപ്പിനിരയാക്കാൻ ടിക്ക് ടോക്ക് താരത്തിന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്നും നിർമാതാവെന്ന പേരിൽ ഷംനയുടെ വീട്ടിലെത്തിയത് സൗണ്ട് ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന കോട്ടയം സ്വദേശി രാജുവാണെന്നും പൊലീസ് കണ്ടെത്തി.
Post Your Comments