മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണനെ കുറിച്ച് ചോദിച്ചാൽ സഹോദരൻ എം.ജി ശ്രീകുമാർ എപ്പോഴും പറയുന്ന വാക്കുകള്‍, ‘അദ്ദേഹം എനിക്ക് ജ്യേഷ്ഠൻ അല്ല അച്ഛൻ ആയിരുന്നു’. എം.ജി രാധാകൃഷ്ണൻ കൗമാര കാലഘട്ടം പിന്നിട്ടപ്പോഴാണ് കുഞ്ഞനുജനായി എം ജി ശ്രീകുമാർ ജനിക്കുന്നത്. ചേട്ടനെ അവസാനമായി ഒന്ന് കാണാന്‍ കഴിയാത്തതിന്റെ വേദന ഇന്നും തനിക്കുണ്ടെന്ന് എം ജി ശ്രീകുമാര്‍ പറയുന്നു.
വിദേശത്ത് പ്രോഗാമുമായി ബന്ധപ്പെട്ടു നില്ക്കുമ്പോഴായിരുന്നു ചേട്ടന്റെ മരണവാര്‍ത്ത അറിയുന്നത്. അതിനെക്കുറിച്ച് അദ്ദേഹം പങ്കുവയ്ക്കുന്നു
”ജീവിതത്തിൽ ഒരു തീരാ ദുഃഖം ഉണ്ട്. ചേട്ടനെ അവസാനമായി ഒന്നു കാണാനോ അന്ത്യചുംബനം നൽകാനോ എനിക്കു സാധിച്ചില്ല. ചേട്ടൻ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് എനിക്ക് സംഗീത പരിപാടിയുമായി ബന്ധപെട്ട് അമേരിക്കയിൽ പോകേണ്ടി വന്നു. അപ്പോൾ എന്റെ ചേട്ടൻ ആശുപത്രിയിൽ ആയിരുന്നു. കണ്ടാൽ ആളെ തിരിച്ചറിയുമെങ്കിലും ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിരുന്നു. അതിനു വർഷങ്ങൾക്കു മുൻപു തന്നെ ചേട്ടൻ രോഗാവസ്ഥയിൽ ആയിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളും മറ്റും കൊണ്ട് അദ്ദേഹം ഒരുപാട് കഷ്ട്ടപ്പെട്ടിരുന്നു. മരിക്കുന്നതിന്റെ തലേ വർഷം മുതൽ ആശുപത്രിയും വീടുമായി മാത്രമായിരുന്നു ചേട്ടന്റ ജീവിതം. അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ് ഞാൻ ആശുപത്രിയിൽ എത്തി ചേട്ടനെ കണ്ടു കാലിൽ തൊട്ടു തൊഴുതു. ഞാൻ അമേരിക്കയിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ ശരി എന്ന അർത്ഥത്തിൽ തലയാട്ടി. അതു മാത്രമായിരുന്നു അന്നത്തെ പ്രതികരണം. യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നിറങ്ങി അമേരിക്കയ്ക്കു പോയി. അന്ന് പരിപാടിയിൽ പങ്കെടുക്കാൻ ദാസേട്ടൻ ഉൾപ്പെടെ കുറേ പേർ ഉണ്ടായിരുന്നു. രണ്ടാം ദിവസം പരിപാടി കഴിഞ്ഞ് ഞാൻ മുറിയിൽ എത്തിയപ്പോൾ ആണ് ചേട്ടൻ മരിച്ചു എന്നു പറഞ്ഞു ഫോൺ കോൾ വന്നത്. അന്ന് നാട്ടിലേക്കു വരിക എന്നത് പ്രായോഗികം ആയിരുന്നില്ല. കാരണം, മടങ്ങിയെത്താൻ നാലു ദിവസത്തോളം വേണ്ടിവരും.
അത്രയും ദിവസം മൃതദേഹം വച്ചു കാത്തിരിക്കുക എന്നത് പ്രയാസമായിരുന്നു. അതു മാത്രമല്ല വന്നാലും തൊട്ടടുത്ത ദിവസം തന്നെ ഞാൻ തിരിച്ചു പോകേണ്ടി വരും. കാരണം പതിനാറു പ്രോഗ്രാമുകൾക്ക് വേണ്ടിയാണ് അന്നു ഞങ്ങൾ പോയത്. അന്ന് ഞാൻ നിസ്സഹാവസ്ഥയിലായിപ്പോയി. എന്റെ സാഹചര്യങ്ങളെ കുറിച്ച് ഞാൻ നാട്ടിലേക്കു വിളിച്ചറിയിച്ചു. അങ്ങനെ ഞങ്ങളുടെ കുടുംബക്കാർ എല്ലാവരും ചേർന്ന് ചേട്ടന്റെ സംസ്‍കാരം നടത്തി. ഞാൻ സ്ഥലത്തുണ്ടായിരുന്നിട്ടും സംസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയില്ല എന്ന തരത്തിൽ പലരും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു. അതു കേട്ടപ്പോള്‍ ദു:ഖം തോന്നി. എന്റെ ചേട്ടൻ എന്റെ ചേട്ടൻ തന്നെയാണ്. ഞാൻ അന്നും ഇന്നും എന്നും ചേട്ടനെ സ്മരിക്കാറുണ്ട്. അവസാനമായി ഒന്നു കാണാൻ പറ്റാത്തത് എന്നും ഒരു ദുഃഖമായി അവശേഷിക്കുന്നു.” ശ്രീകുമാര്‍ പങ്കുവച്ചു.
Post Your Comments