ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ലഡാക്കില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വെള്ളിയാഴ്ച രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശന വേളയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തുമെന്നാണ് വിവരം.
രാജ്‌നാഥ് സിംഗ് ലഡാക്കില്‍ സന്ദര്‍ശനം നടത്തുന്നത് കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെക്കൊപ്പമാണ്. ഉന്നത സൈനിക വൃത്തങ്ങളുമായി ചേര്‍ന്ന് ലഡാക്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തും.
ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മൂന്നാംഘട്ട കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗം ലഡാക്ക് സന്ദര്‍ശിക്കുന്നതുമായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനം ഏറെ നിര്‍ണ്ണായകമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് സമൂഹ മാദ്ധ്യമമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനീസ് സന്ദർശന വേളയിലാണ് മോദി വെയ്ബോയിൽ അംഗത്വം എടുത്തത്.
രാജ്യ സുരക്ഷ കണക്കിലെടുത്ത് ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. രാജ്യ സുരക്ഷ മുൻനിർത്തിയായിരുന്നു കേന്ദ്രസർക്കാർ തീരുമാനം .ടിക് ടോക്ക്,യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ക്കായിരുന്നു നിരോധനം ഏർപ്പെടുത്തിയത്.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചിരുന്നു. ഛഗാൽവാൻ സംഘര്‍ഷത്തിനു പിന്നാലെ ‘ബോയ്‌കോട്ട് ചൈന’ പ്രചാരണം ഇന്ത്യയില്‍ ശക്തമായിരുന്നു.
Post Your Comments