കെയ്‌റോ : ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് വന്‍ അഗ്നിബാധയുണ്ടായത് . ഈജിപ്റ്റിലാണ് അപകടം ഉണ്ടായത്. വടക്കന്‍ ഈജിപ്റ്റിലെ അലക്‌സാണ്ട്രിയ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൊറോണ വൈറസ് വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ആറ് പേര്‍ പുരുഷന്‍മാരും ഒരാള്‍ സ്ത്രീയുമാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാര്‍ഡിലെ എയര്‍ കണ്ടീഷനറില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. എയര്‍ കണ്ടീഷനര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വന്‍ തോതില്‍ വ്യാപിക്കുകയായിരുന്നു. ഇതിനകം തന്നെ വാര്‍ഡില്‍ കടുത്ത പുക നിറഞ്ഞിരുന്നു. തീയില്‍ നിന്നും രക്ഷപ്പെട്ട ഒരു രോഗിയുടെ നില ഗുരുതരമാണ്. വാര്‍ഡിലുണ്ടായിരുന്ന മറ്റ് രോഗികള്‍ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ മറ്റു ഭാഗങ്ങളിലേക്ക് തീ പടര്‍ന്നില്ല. സമാന രീതിയില്‍ തന്നെ രാജ്യ തലസ്ഥാനമായ കെയ്‌റോയിലും കഴിഞ്ഞ മാസം കൊറോണ രോഗികളുടെ വാര്‍ഡില്‍ തീപിടിത്തം ഉണ്ടായിരുന്നു. നിലവില്‍ 66,754 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 2,872 പേര്‍ മരിച്ചു.
Post Your Comments