
ന്യൂഡൽഹി: ഇന്ത്യയിൽ ചെറുപ്പക്കാർക്കിടയിൽ ഏറെ ജനപ്രീതിയാർജിച്ച ചൈനീസ് ആപ്പ് ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്നലെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ടിക്ടോക്കിന്‍റെ ലോകത്തുതന്നെ ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ നിരോധനം ടിക് ടോക്കിന് കനത്ത പ്രഹരമാണ്. എന്നാൽ നിരോധിച്ച 59 ചൈനീസ് ആപ്പ് പ്രതിനിധികളെയും മോദി സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ് ഇരുട്ടടി കിട്ടിയ ചൈനീസ് നിരോധിത ആപ്പ് ‘ടിക് ടോക്ക്’.
എന്നാൽ, ഞങ്ങൾ ചൈനയ്‌ക്കോ മറ്റ് രാജ്യങ്ങൾക്കോ വിവരങ്ങൾ ചോർത്തി നൽകില്ലെന്നും ഓരോ ഇന്ത്യൻ പൗരന്മാരുടേയും സുരക്ഷ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ‘ടിക് ടോക്ക്’ ഇന്ത്യൻ തലവൻ നിഖിൽ ഗാന്ധി അറിയിച്ചു. ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ച് പ്രവവർത്തിക്കുന്നതും പതിനാല് ഭാഷകളിൽ പ്രചാരം ഉള്ളതുമായ ആപ്പ് ആണ് ‘ടിക് ടോക്ക്’ എന്നും അദ്ദേഹം പറഞ്ഞു.
ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി വികസിപ്പിച്ചെടുത്ത ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ബൈറ്റ്ഡാൻസ് ഉടമസ്ഥതയിൽ, ചൈനയിൽ 2016 സെപ്റ്റംബറിൽ ഡുവൈൻ എന്ന പേരിൽ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത്. ഏകദേശം ഒരു വർഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരിൽ ഇത് വിദേശ രാജ്യങ്ങളിൽ ഈ ആപ്പ് രംഗപ്രവേശം ചെയ്യുകയായിരുന്നു.
2018 ൽ ഏഷ്യ, അമേരിക്ക തുടങ്ങി ലോകത്തിൻറെ പലഭാഗത്തും ടിക്ടോക്ക് ജനപ്രിയത നേടി. 2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. 2018 ൽ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി. ഉപയോക്താക്കൾക്ക് 3-60 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ ലൂപ്പിംഗ് വീഡിയോകൾ സൃഷ്ടിക്കാൻ ഈ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാധിക്കും.
Post Your Comments