കൊച്ചി: മലയാളത്തിലെ യുവ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നടൻ ധർമ്മജന്റെ മൊഴിയെടുപ്പ് തുടങ്ങി. ഇദ്ദേഹത്തോട് നേരിട്ട് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. പ്രതികൾ സ്വർണ്ണക്കടത്തിന് സിനിമാ താരങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ സൂചന ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധർമ്മജനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ധർമ്മജൻ ഇന്ന് തന്നെ ഹാജരാകും.
കേസിൽ മുഖ്യപ്രതിയും ഹെയർ സ്റ്റൈലിസ്റ്റുമായ ഹാരിസ് പിടിയിലായി. ഹാരിസിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. തൃശ്ശൂർ സ്വദേശിയാണ്. ഇയാൾക്ക് മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ട്. ഷംന കാസിമിന്റെ കേസിൽ അടക്കം നിർണ്ണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്.
കേസിലെ പ്രതികളിലൊരാൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലാകാനുള്ള മൂന്ന് പേരിൽ ഒരാൾക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ അറസ്റ്റ് വൈകും. സംഭവത്തിൽ ഏഴ് കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. ഇതിന് പുറമെ ഷംന കാസിമിന്റെ കേസും ഉണ്ട്. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടേതിന് സമാനമായ നാല് ചീറ്റിങ് കേസുകൾ കൂടിയുണ്ടെന്ന് മനസിലായെന്നും ഐജി പറഞ്ഞു.
സംഭവത്തിൽ ഇതുവരെ ലൈംഗികാതിക്രമം നടന്നതായി പരാതി ലഭിച്ചിട്ടില്ല. ഹൈദരാബാദിൽ സിനിമ ഷൂട്ടിങ്ങിലുള്ള ഷംന കാസിം ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഇവർ ക്വാറന്റൈനിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ നാളെ ഷംന കാസിമിന്റെ മൊഴി ഓൺലൈനായി പൊലീസ് രേഖപ്പെടുത്തും. അതിന് ശേഷമാകും തുടരന്വേഷണം. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
Post Your Comments