ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം ഇപ്പോഴും പുകയുകയാണ്. ഇരുരാജ്യങ്ങളും സൈന്യത്തെ കൂടുതല്‍ ബലപ്പെടുത്തുകയാണ്. കൊറോണക്കാലത്ത് നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളിയാവുകയാണ് സംഘര്‍ഷം. ഇതിനിടെ, അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനികര്‍ക്ക് ആയോധനകലയില്‍ ചൈന പരിശീലനം നല്‍കുകയാണെന്നാണ് വിവരം.
ഇന്ത്യയും സൈനികര്‍ക്ക് മികച്ച രീതിയിലുള്ള പരിശീലനം ആരംഭിച്ചു.തോക്ക് ഉപയോഗിക്കാതെ എതിരാളിയെ കീഴ്‌പ്പെടുത്തുന്നതില്‍ വൈദഗ്ധ്യമുള്ള ഘാതക് കമാന്‍ഡോകളെ സംഘര്‍ഷബാധിത മേഖലകളില്‍ നിയോഗിച്ചിരിക്കുകയാണ് ഇന്ത്യ. ഗല്‍വാനില്‍ ഇരു സേനകളും ഏറ്റുമുട്ടിയതിന്റെ തലേന്നാണു പരിശീലന സംഘത്തെ ചൈന അതിര്‍ത്തിയിലെത്തിച്ചത്. ഇതിനു പ്രതിരോധം തീര്‍ക്കാനാണു കമാന്‍ഡോ സംഘത്തെ ഇന്ത്യ രംഗത്തിറക്കിയിരിക്കുന്നത്.
അതിര്‍ത്തിയില്‍ തോക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണു ധാരണയെങ്കിലും ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും അതിക്രമം ഉണ്ടായാല്‍ ഏത് ആയുധവുമുപയോഗിക്കാന്‍ ഇന്ത്യന്‍ സേനയ്ക്കു പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലുടനീളം മിസൈല്‍, യുദ്ധവിമാന സന്നാഹങ്ങള്‍ അണിനിരത്തിയതിനു പുറമേയാണ്, പതിവുവിട്ട യുദ്ധമുറകള്‍ക്കും ഇരു സേനകളും തയാറെടുക്കുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.
അടിയന്തര ഘട്ടങ്ങളിലാണു തോക്ക് ഉപയോഗിക്കുകയെന്നും അതിര്‍ത്തിയില്‍ പതിവുള്ള കയ്യാങ്കളിയില്‍ എതിരാളിയെ ഉശിരോടെ നേരിടാനാണ് സൈനികര്‍ക്കു തുണയായി കമാന്‍ഡോകളെ എത്തിച്ചതെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.അതിനിടെ, ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഊര്‍ജ ഉപകരണങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ആര്‍.കെ. സിങ് പറഞ്ഞു. ഊര്‍ജമേഖലയിലെ ഉപകരണങ്ങളില്‍ ദൂരെയിരുന്ന് നിയന്ത്രിക്കാവുന്ന മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകുമെന്നു റിപ്പോര്‍ട്ടുകളും വന്നിരുന്നു.
Post Your Comments