ന്യൂഡല്‍ഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. ചൈനയില്‍ നിന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പണം സ്വീകരിച്ചതായി സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
രാജീവ് ഗാന്ധി ഫൗണ്ടേഷനുവേണ്ടി സോണിയ ഗാന്ധി പണം വാങ്ങിയതിന് മതിയായ തെളിവുകള്‍ ഉണ്ട്. ഇത് അവരുടെ കുടുംബത്തെയും സഹായിച്ചിട്ടുണ്ട്.അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഫൗണ്ടേഷന് 100 കോടി രൂപ ലഭിച്ചുവെന്ന് ഉറപ്പു വരുത്തിയതായും സ്മൃതി ഇറാനി വ്യക്തമാക്കി.
ചൈനീസ് എംബസിയില്‍ നിന്ന് കോണ്‍ഗ്രസ് സംഭാവന സ്വീകരിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം എന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.പിഎം കെയേര്‍സില്‍ ചൈനീസ് കമ്പനികള്‍ സംഭാവന നല്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി നല്കുകയായിരുന്നു സ്മൃതി ഇറാനി.
അതേസമയം, വയനാട് എം പി രാഹുല്‍ ഗാന്ധി പ്രസ്താവനകളിലൂടെ ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം കെടുത്തുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കുറ്റപ്പെടുത്തി. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന് പ്രധാന കാരണക്കാര്‍ കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹറുവുമാണെന്ന് ചൗഹാന്‍ കൂട്ടിച്ചേർത്തു. ഛത്തീസ് ഗന്ധിലെ ബിജെപി പ്രവര്‍ത്തകരുടെ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുമായി കോണ്‍ഗ്രസിനുള്ള ബന്ധത്തെ കുറിച്ച് സോണിയ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബം ചെയ്ത തെറ്റ് കാരണം ചൈന 43,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കൈവശപ്പെടുത്തിയെന്നും കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നും ചൗഹാന്‍ ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി നേതൃത്വം നല്‍കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സ്വീകരിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ചൗഹാന്‍ നിശിതമായി വിമര്‍ശിച്ചു.
Post Your Comments