KeralaLatest NewsNews

കോവിഡ് സേവനത്തിനായി ഇനി റോബോട്ടുകളും

കയ്യിൽ കുഞ്ഞി ട്രേയും പിടിച്ച് സമയാസമയം മുരുന്നും ഭക്ഷണവും വെള്ളവും ബെഡ്ഷീറ്റുമായി കോവിഡ് രോഗികളുടെ മുറിയിലെത്തി അവർ സാന്ത്വനം പകരും. ചികിത്സയിലുള്ളവർക്ക് ഡോക്ടറെയോ വീട്ടുകാരേയോ കാണണമെന്ന ആവശ്യം പറഞ്ഞാൽ ഞൊടിയിടയിൽ വീഡിയോ കോളിലൂടെ സൗകര്യമൊരുക്കും. നാലടി പൊക്കം മാത്രമുള്ള ഇത്തിരി കുഞ്ഞൻ റോബോട്ട് ‘നഴ്സുമാർ’ ഈ കോവിഡ് കാലത്ത് ഇത്തരം സേവനങ്ങളാണ് നൽകാനൊരുങ്ങുന്നത്.

ഇരവിപേരൂർ കൊട്ടയ്ക്കാട് ആശുപത്രിയിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ കോവിഡ് കെയർ ട്രീറ്റ്മെന്റ് സെന്ററിലാണ് ‘ആശ സാഫി ‘ എന്ന് പേരുള്ള രണ്ടു റോബോട്ടുകളുടെ സേവനം ലഭിക്കുക. ആരോഗ്യരംഗത്ത് ആശാ പ്രവർത്തകർ നടത്തുന്ന നിസ്വാർഥ സേവനത്തിനുള്ള ആദര സൂചകമായിട്ടാണ് റോബോട്ടുകൾക്ക് ആശ എന്ന് പേരിട്ടത്.

ഒരേസമയം(ഒരു മണിക്കൂറിൽ) ഒരു റോബോട്ടിന് നാലു മുറികളിൽ സാധനങ്ങളെത്തിക്കാൻ സാധിക്കും. കോവിഡ് കെയർ സെന്ററിൽ രണ്ടു നിലകളിലായി 40 മുറികളാണുള്ളത്. മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ളവ എത്തിക്കുക മാത്രമല്ല ഡ്യൂട്ടി ഡോക്ടർക്കും ഡി എം ഒ അടക്കമുള്ള മറ്റ് നാല് ആരോഗ്യ പ്രവർത്തകർക്കും ഒരേസമയം രോഗിയെ കണ്ട് ആശവിനിമയം നടത്തുവാനുള്ള സൗകര്യം റോബോട്ടുകളിലുണ്ട്. റോബോട്ടുകളിൽ ഇതിനായി സ്‌ക്രീൻ ഘടിപ്പിച്ചിട്ടുണ്ട്. 15 മീറ്റർ ദൂരത്തു നിന്നുവരെ ഇവയെ നിയന്ത്രിക്കാം. എട്ടു കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കൾ എടുക്കാൻ കഴിയും.

ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരമാകും റോബോട്ടുകൾ പ്രവർത്തിക്കുക. രോഗിക്ക് നല്കേണ്ട നിർദ്ദേശങ്ങൾ റോബോട്ടിലൂടെ നൽകാനും സാധിക്കും. നിലവിൽ ഇരവിപേരൂർ കൊട്ടയ്ക്കാട് ആശുപത്രിയിൽ കോവിഡ് രോഗികളില്ല.

റോബോട്ടുകളുടെ ഡെമോൺസ്ട്രേഷൻ വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു. ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് രോഗികളെ പരിചരിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗവ്യാപനം എങ്ങനെ കുറയ്ക്കാം എന്ന ചിന്തയാണ് റോബോട്ടുകളിലെത്തിച്ചതെന്ന് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൻ. രാജീവ് പറഞ്ഞു. രോഗിയുമായുള്ള സമ്പർക്കം കുറയ്ക്കുവാനും ഇത്തരത്തിലുള്ള രോഗവ്യാപനം ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകാതിരിക്കുന്നതിനും കഴിയുമെന്നതാണു നേട്ടം. വള്ളംകുളം നാഷണൽ ഹൈസ്‌കൂളിലെ അഡൽ ലാബിൽ നിർമ്മിച്ച റോബോട്ടുകളെ തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊപ്പല്ലർ ടെക്നോളജി ഗ്രൂപ്പാണ് വികസിപ്പിച്ചെടുത്തത്.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ഡോ.എ.എൽ ഷീജ വീഡിയോകോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്തു. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.കെ ഓമനക്കുട്ടൻ, സാബു ചക്കുംമൂട്ടിൽ, സാലി ജേക്കബ്, ജയപാലൻ, പ്രസന്നകുമാർ, സെക്രട്ടറി സുജകുമാരി, ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ഡോക്ടർ പി.ശ്രീകാന്ത്, നാഷണൽ സ്‌കൂൾ എച്ച്.എം ആർ. ആശാലത, നാഷണൽ ഹൈസ്‌കൂൾ ടെക്നിക്കൽ ഓഫീസർ എം.ജയൻ, പ്രൊപ്പല്ലർ ടെക്നിക്കൽ ടീം അംഗങ്ങൾ മുബീൻ റഹ്മാൻ, ഫിലിപ്പ് സാമുവൽ ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button