സാൻഫ്രാൻസിസ്കോ : ടിക്ടോക്കിന് വെല്ലുവിളിയായി ഇൻസ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചറായ റീൽസ് കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിച്ചു. ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലേക്കാണ് റീൽസ് ഫീച്ചർ പുതുതായി ഇൻസ്റ്റഗ്രാം അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ബ്രസീലിൽ അവതരിപ്പിച്ചത്. 15 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുതിയ ഫീച്ചറിലൂടെ ചെയ്യാനാകുക. ഇതിൽ വീഡിയോയും ഓഡിയോയും ഉപഭോക്താക്കൾക്ക് സെറ്റ് ചെയ്യാം. ടിക് ടോക്കിന് സമാനമായി മറ്റുള്ളവരുടെ ഓഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ നിർമിക്കുകയും ചെയ്യാം. ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിനേക്കാൾ കൂടുതൽ പ്രചാരം ടിക് ടോക്കിനുണ്ടെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് നേരത്തേ പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിന്റെ എക്സ്പ്ലോർ ഫീച്ചറിന് സമാനമായാണ് ടിക് ടോക്കും പ്രവർത്തിക്കുന്നതെന്നും സുക്കർബർഗ് പറഞ്ഞു.
ഫെയ്സ്ബുക്കിന്റെ എക്സ്പിരിമെന്റൽ ആപ്പ് ഡിവിഷൻ വീഡിയോകൾ നിർമിക്കാനും സുഹൃത്തുക്കളുമായി പങ്കുവെക്കാനും സാധിക്കുന്ന ‘കൊളാബ്’ എന്ന ഐഓഎസ് ആപ്പ് പുറത്തിറക്കിയിരുന്നു.ഇത് കൂടാതെ ടിക് ടോക്കിന് സമാനമായി നിർമിച്ച ‘ലാസോ’ എന്ന പ്രത്യേക ആപ്ലിക്കേഷനും ഫെയ്സ്ബുക്കിനുണ്ട്. ഇത് നിലവിൽ അമേരിക്കയിൽ മാത്രമാണ് ലഭിക്കുക. അതേസമയം, യൂട്യൂബും സമാന ഫീച്ചറുമായി രംഗത്തിറങ്ങാനൊരുങ്ങുകയാണ്. ഷോർട്സ് എന്ന പേരിലുള്ള ഫീച്ചർ അടുത്ത വർഷത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
Post Your Comments