കൊച്ചി: ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ കെട്ടിടനിര്‍മാണ മേഖലയെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിര്‍ബന്ധ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രജിസ്‌ട്രേഷന്‍ സമയപരിധി 23 സംസ്ഥാനങ്ങളില്‍ ആറു മാസത്തേക്കും ഒരു സംസ്ഥാനത്ത് ഒമ്പതു മാസത്തേക്കും നീട്ടി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വായ്പകള്‍ ഒറ്റത്തവണ പുനരേകീകരിക്കുക, ഭവന വായ്പാ പലിശ അഞ്ചു ശതമാനമാക്കി കുറക്കുക, ജിഎസ്ടി ഇളവ് എന്നിവയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുംബൈ ആസ്ഥാനമായ സന്നദ്ധ സംഘടന സമാചാര്‍ ഫൗണ്ടേഷന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങളില്‍ അനുയോജ്യമായ തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റിയല്‍എസ്റ്റേറ്റ് മേഖലയിലെ വ്യവസായികളുടേയും ഉപഭോക്താക്കളുടേയും താല്‍പര്യം സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും നിവേദനത്തിനുള്ള മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. റിയല്‍എസ്റ്റേറ്റ് വ്യവസായികളുടെ സംഘടനയായ ക്രെഡായ് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച ഓണ്‍ലൈന്‍ നിവേദനം പരിഗണിക്കണമെന്നും സമാചാര്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് ലോക്ഡൗണ്‍ കാരണമുണ്ടായ തൊഴിലാളികളുടെ തിരിച്ചുപോക്കും നിര്‍മാണ സാമഗ്രികളുടെ വിതരണത്തിലുണ്ടായ തടസ്സങ്ങളും കാരണം പല വന്‍കിട റിയല്‍എസ്റ്റേറ്റ് പദ്ധതികളും പൂര്‍ത്തിയാക്കാനായിട്ടില്ല. പൂര്‍ത്തിയായവ ഉപഭോക്താക്കള്‍ക്ക് കൈമാറാനും കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധി കണക്കിലെടുത്ത് ഇളവുകള്‍ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോടും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഭവന വായ്പ എടുത്തവര്‍ക്കും ലഭ്യമാണ്. കാലതാമസമുണ്ടെങ്കിലും പദ്ധതികള്‍ മുടങ്ങാതിരിക്കാനാണ് ഈ ഇളവുകളെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയില്‍ വിശദീകരിച്ചു.
Post Your Comments