COVID 19KeralaLatest News

“ഒരു മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാതെ.. ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ പറ്റാതെ…” കോട്ടയത്ത് ക്വാറന്റൈനില്‍ കഴിയവെ കുഴഞ്ഞ് വീണ് മരിച്ച യുവാവിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തൽ

നീണ്ട ആറു മണിക്കൂർ ആംബുലൻസിനായി കാത്ത് വീട്ടിൽ ... നീണ്ട മൂന്നു മണിക്കൂർ ... ഒരു ഡോക്ടറുടെ 'ശബ്ദത്തിന് കാത്ത് ആംബുലൻസിൽ

കോട്ടയം: ദുബായില്‍ നിന്നു നാട്ടിലെത്തി കോട്ടയത്തെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവെ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. വീട്ടില്‍ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാണക്കാരി കല്ലമ്പാറ മനോഭവനില്‍ മഞ്ജുനാഥാണ് (39) മരിച്ചത്. രാവിലെ ആഹാരം കൊടുക്കാനായി ഫോണിൽ വിളിച്ചപ്പോൾ പ്രതികരിക്കാതായതോടെ സഹോദരൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

ഇവർ എത്തിയപ്പോൾ മുറിയില്‍ അവശനായി കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മഞ്ജുനാഥിനെ ആശുപത്രിയിലെത്തിക്കാനായി ആംബുലൻസിനു കാത്തിരുന്നതാണ് മരണം സംഭവിക്കാൻ കാരണമെന്നു സംഭവത്തിന് ദൃക്‌സാക്ഷിയായ അപ്പുമാഷ് പറയുന്നത്. അവസാനം വൈകുന്നേരം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. യുവാവിനെ ആശുപത്രിയിലേക്കു മാറ്റാന്‍ മണിക്കൂറുകള്‍ താമസിച്ചതാണ് മരണ കാരണം എന്നാണ് ഇവരുടെ ആരോപണം.

“രാവിലെ പത്തു മണിക്ക് വിളിച്ച ആംബുലൻസ് വന്നപ്പോൾ നാല് മണി ആയിരുന്നു. തുടർന്ന് അഞ്ചു മണിക്ക് മെഡിക്കൽ കോളേജിൽ എത്തി.. 6.30 ന് ഒരു ഡോക്ടർ ആംബുലൻസിൽ എത്തി നോക്കിപ്പോയി .. വീണ്ടും കാത്തിരിപ്പ് .. എട്ടു മണിക്ക് ആംബുലൻസിൽ നിന്നും ഇറക്കുമ്പോൾ ഒരു ചലനം പോലും ഇല്ലായിരുന്നു.ഒടുവിൽ അറിയിപ്പു വന്നു … ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല … നഷ്ടം പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾക്കും ഭാര്യയ്ക്കും മാത്രം..”

” നീണ്ട ആറു മണിക്കൂർ ആംബുലൻസിനായി കാത്ത് വീട്ടിൽ … നീണ്ട മൂന്നു മണിക്കൂർ … ഒരു ഡോക്ടറുടെ ‘ശബ്ദത്തിന് കാത്ത് ആംബുലൻസിൽ … അവസാനം ഒരു മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാതെ.. ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ പറ്റാതെ .. അതിനുള്ളിൽ പിടഞ്ഞു തീരുന്നതിനു സാക്ഷിയായി ഒന്നും ചെയ്യാനാവാതെ … ഈയുള്ളവനും ” – ബന്ധുക്കൾ പറയുന്നു. ഇക്കഴിഞ്ഞ 21നു ദുബായില്‍ നിന്നെത്തിയ മഞ്ജുനാഥ് വീട്ടില്‍ ഒറ്റയ്ക്കു ക്വാറന്റീനില്‍ കഴിയുകയായിരുന്നു. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കള്‍: ശിവാനി, സൂര്യകിരണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button