കാഠ്മണ്ഡു : ചൈനീസ് ചതി മനസ്സിലാക്കാതെ ഇന്ത്യക്കെതിരെ ആഞ്ഞടിക്കുന്ന ഒലി സർക്കാർ പ്രതിരോധത്തിൽ. ചൈന കൈക്കലാക്കിയ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യവുമായി നേപ്പാളിലെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നു. ചൈന കടന്നു കയറിയ ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോൺഗ്രസ് പ്രമേയം പാസാക്കി. ചൈനയുമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് ഭൂമി തിരിച്ചു പിടിക്കണമെന്നാണ് ആവശ്യം.
ചൈനയുടെ കടന്നുകയറ്റവും സ്വാധീനവും വർദ്ധിക്കുന്നതിൽ നേപ്പാളിലെ ജനങ്ങളും പ്രതിപക്ഷ കക്ഷികളും ആശങ്കയിലാണ്. ഇന്ത്യക്കെതിരെ നേപ്പാളിനെ ഉപയോഗിക്കാനുള്ള ചൈനയുടെ ശ്രമത്തിന് ശക്തമായ തിരിച്ചടിയാണിത്. ഇന്ത്യയുടെ ഭൂമി നേപ്പാളിന്റെ ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധമുണ്ടെങ്കിലും രാജ്യതാത്പര്യം ചൂണ്ടിക്കാട്ടിയായിരുന്നു ശർമ്മ ഒലി സർക്കാർ പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കിയത്.
അങ്ങനെയെങ്കിൽ ചൈന കൈക്കലാക്കിയ ഭൂമിയും തിരിച്ചു പിടിക്കേണ്ടതല്ലേ എന്ന ആവശ്യമാണ് ഇപ്പോൾ പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. നേപ്പാൾ ഭൂമിയിൽ കടന്നു കയറിയാണ് ചൈന ടിബറ്റിൽ റോഡ് നിർമ്മിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 64 ഹെക്ടറിൽ കൂടുതൽ സ്ഥലം ചൈന പിടിച്ചെടുത്തെന്നാണ് പ്രമേയത്തിൽ പറയുന്നത്. നേപ്പാളിന്റെ ഒരു ഗ്രാമവും 72 കുടുംബങ്ങളും ഇപ്പോൾ ചൈനയുടെ അധീനതയിലാണ്. നേപ്പാളിലെ നദിയുടെ ഗതിയും ചൈന മാറ്റിയിട്ടുണ്ട്.
അതേസമയം അഞ്ച് വിരൽ പദ്ധതിയാണ് ചൈന നടപ്പിലാക്കുന്നതെന്ന് വിദേശത്തുള്ള താത്കാലിക ടിബറ്റൻ സർക്കാർ ചൂണ്ടിക്കാട്ടി . ടിബറ്റ് കൈപ്പത്തിയാണെങ്കിൽ ലഡാക്ക് , നേപ്പാൾ , ഭൂട്ടാൻ , സിക്കിം , അരുണാചൽ പ്രദേശ് എന്നിവയാണ് വിരലുകൾ. ഇതെല്ലാം പിടിച്ചടക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ടിബറ്റൻ സർക്കാർ ആരോപിച്ചു.
Post Your Comments