പുതിയ സിനിമകളുടെ ഷൂട്ടിങ്ങ് ഉടന്‍ വേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനത്തെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്. നിര്‍മ്മാതാക്കളുടെ തീരുമാനത്തെ അട്ടിമറിക്കാനാണ് ഈ പ്രഖ്യാപനങ്ങള്‍. അസോസിയേഷന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത് സിനിമാവ്യവസായത്തിന്റെ പൊതുനന്മയ്ക്ക് വേണ്ടിയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്നില്‍ പല ആവശ്യങ്ങളും വച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി നാല് സിനിമകള്‍ പ്രഖ്യാപിച്ചതും സംവിധായകരായ ലിജോ ജോസ്, ഖാലിദ് റഹ്മാന്‍, ആഷിഖ് അബു എന്നിവര്‍ തങ്ങളുടെ ചിത്രങ്ങള്‍ ഷൂട്ടിങ് തുടങ്ങുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് രഞ്ജിത്തിന്റെ പ്രതികരണം. ലോക്ഡൗണില്‍ മുടങ്ങിയ 22 സിനിമകളുടെ ചിത്രീകരണത്തിന് ആദ്യ പരിഗണന, ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കുക, പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പിന്നീടു മതി തുടങ്ങിയ നിര്‍ദേശങ്ങളാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്നോട്ടു വച്ചത്.
സിനിമാ വ്യവസായത്തിന്റെ പൊതുനന്മയ്ക്കു വേണ്ടിയാണ് നിര്‍ദേശങ്ങള്‍. മറ്റൊരു തര്‍ക്കവും ആഗ്രഹിക്കുന്നില്ല.നിലച്ചുപോയ സിനിമകള്‍ ആദ്യം തീര്‍ത്ത് അവരെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്. എത്രനാള്‍ കഴിഞ്ഞു സിനിമകള്‍ റിലീസ് ചെയ്യാന്‍ കഴിയും എന്നറിയില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്നില്‍ പല ആവശ്യങ്ങളും വച്ചിട്ടുണ്ട്. ജിഎസ്ടി – വിനോദ നികുതി ഇളവ് ഉള്‍പ്പെടെ. അതിലെല്ലാം തീരുമാനമാകാതെ പുതിയ സിനിമകള്‍ എടുത്തുവച്ചിട്ടു കാര്യമില്ല. ഒടിടിക്കു സെന്‍സര്‍ വേണ്ട; തിയറ്ററും. അതിനോട് എതിര്‍പ്പില്ല.
വേറൊരു വിപണന രീതിയായി കണ്ടാല്‍ മതിഎന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികള്‍ മുഴക്കാനോ ശക്തി പരീക്ഷിക്കാനോ ഉള്ള സ്ഥലമല്ല സിനിമാ വ്യവസായം. തല്‍ക്കാലം പുതിയ സിനിമകള്‍ ആരംഭിക്കേണ്ടതില്ലെന്ന നിര്‍ദേശത്തിന്റെ കാരണം എന്താണെന്ന് പോലും അന്വേഷിക്കാതെയാണ് ചിലര്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് എന്നത് വേദനാജനകമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ പറഞ്ഞു.
Post Your Comments