കോഴിക്കോട് : ഷാര്‍ജയില്‍ നിന്നും സംസ്ഥാനത്തെത്തിയവർക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി പ്രവാസികള്‍. മണിക്കൂറുകളോളം ബസില്‍ കാത്തിരുന്നതിന് ശേഷം പ്രതിഷേധിച്ചതോടെയാണ് അധികൃതര്‍ ഭക്ഷണം എത്തിച്ച് നല്‍കിയത്.
ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിൽ പ്രവാസികള്‍ എത്തിയത് 11 മണിക്കാണ്. തുടർന്ന് സര്‍ക്കാര്‍ ക്വാറന്റൈന്‍ ആവശ്യമുള്ള കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് സ്വദേശികളായവരെ ബസില്‍ കോഴിക്കോട് എത്തിച്ചു. എന്നാല്‍ കോഴിക്കോട്ടുകാരായ രണ്ട് പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ വൈകി. തുടര്‍ന്ന് കോഴിക്കോട് പുതിയ സ്റ്റാന്‍റിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലും ബസ് നിര്‍ത്തിയിട്ടു. ഇതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.
പ്രതിഷേധം ശക്തമായതോടെ വൈകിട്ട് 5.45ഓടെ പോലീസും കോര്‍പറേഷന്‍ ആരോഗ്യവിഭാഗവും ചേര്‍ന്ന് ഭക്ഷണം എത്തിച്ചുനല്‍കി. കോഴിക്കോടുകാരെ തുടര്‍ന്ന് നഗരത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. വിമാനത്താവളത്തില്‍ നിന്ന് മുന്‍കൂട്ടി വിവരം ലഭിക്കാത്തതാണ് ആശയകുഴപ്പത്തിന് കാരണമെന്നാണ് വിവരം. അതേസമയം ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഒഴിവില്ലാത്തതും ക്രമീകരണം ഒരുക്കുന്നതിന് താമസം നേരിട്ടു.
Post Your Comments