തിരുവനന്തപുരം • കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ആന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ‘വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം യോഗ’ എന്ന പ്രമേയത്തെ ആസ്പദമാക്കി സംസ്ഥാന ദിനാചരണം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ തിരുവനന്തപുരവും സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
യോഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല, അത് മനസിന് കൂടി വ്യായാമം ലഭിക്കുന്ന ഒരു ശാസ്ത്രീയ അഭ്യാസമുറയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരാശിയുടെ ആരോഗ്യത്തിനും കായിക ക്ഷമതയ്ക്കും ഉതകുന്ന വ്യായാമ പദ്ധതിയായി ഐക്യരാഷ്ട്രസഭ യോഗയെ അംഗീകരിച്ചിട്ടുണ്ട്. യോഗ തികച്ചും മതേതരമായ വ്യായാമമുറയാണ്. ലോകത്തിന് ഭാരതം നല്‍കിയ സംഭാവനയാണ് ആയുര്‍വേദവും യോഗയും. ഇവയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സമ്പൂര്‍ണ്ണ യോഗാ കേരളം പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരികയാണ്. ജീവിത ശൈലീ രോഗനിയന്ത്രണത്തില്‍ യോഗയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് അതിനെ ഫലപ്രദമായി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധ രംഗത്ത് ആയുഷ് വൈദ്യശാസ്ത്ര വിഭാഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് വ്യക്തിയുടെ രോഗ പ്രതിരോധശേഷി പ്രധാനമാണ്. അതില്‍ യോഗയുടെ പ്രസക്തി വലുതാണ്. ഏകാഗ്രതയ്ക്കും മന:സംഘര്‍ഷം കുറയ്ക്കാനും യോഗ പ്രയോജനപ്രദമാണ്. കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ യോഗയെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിവിധ പ്രായത്തിലും ആരോഗ്യാവസ്ഥകളിലുമുള്ള ആളുകള്‍ക്ക് അനുയോജ്യമായ വിവിധ യോഗാ മൊഡ്യൂളുകള്‍ തയ്യാറാക്കി പരിശീലനം നടത്തി വരുന്നു. തൊഴിലിടങ്ങളില്‍ പരിശീലിക്കാവുന്ന ലഘു യോഗാ വ്യായാമ മുറകള്‍ ഇതിലുള്‍പ്പെടുന്നു. ആയുഷ് വകുപ്പും കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ആരോഗ്യ വകുപ്പും യോഗ പരിശീലനം ജനങ്ങളിലെത്തിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് സ്വാഗതവും നാഷണല്‍ ആയുഷ്മിഷന്‍ സ്‌റ്റേറ്റ് ഡയറക്ടര്‍ എ.ആര്‍ അജയകുമാര്‍ കൃതജ്ഞതയും പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ. വിജയാംബിക, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ഹരികൃഷ്ണന്‍ തിരുമംഗലത്ത്, ഹോമിയോ വിദ്യാഭാസ വകുപ്പ് പ്രിന്‍സിപ്പാള്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. സുനില്‍ രാജ്, റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ. ബീന, നാഷണല്‍ ആയുഷ്മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ഐ.എസ്.എം) ഡോ. സുഭാഷ്, നാഷണല്‍ ആയുഷ്മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ഹോമിയോപ്പതി) ഡോ. ജയനാരായണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ യോഗയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ഗവ. ഡെപ്യൂട്ടി സെക്രട്ടറി എം.എസ്. ചിത്ര പ്രഭാഷണം നടത്തി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും വിവിധ കേന്ദ്രങ്ങളില്‍ നിന്നുമായി മുന്നൂറോളം പേര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ദിനാചരണത്തില്‍ പങ്കെടുത്തു. ആയുഷ് വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ യോഗ പ്രദര്‍ശനം നടത്തുകയുണ്ടായി. യോഗ ദിനത്തിന്റെ ഭാഗമായി ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ, യോഗ വീഡിയോ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും ചടങ്ങിനോടൊപ്പം നടന്നു.
Post Your Comments