KeralaLatest NewsNews

പൊതുപ്രവര്‍ത്തകക്ക് മറ്റൊരു പൊതു പ്രവര്‍ത്തകനല്‍കുന്ന രാഷ്ടീയാതീത പിന്തുണ ; ശൈലജ ടീച്ചര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വിവാദപരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ അതിശക്തമായി എതിര്‍ക്കുന്നു എന്നാണ് ശോഭ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. പൊതുപ്രവര്‍ത്തകക്ക് മറ്റൊരു പൊതു പ്രവര്‍ത്തകനല്‍കുന്ന രാഷ്ടീയാതീത പിന്തുണയാണിതെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.

കേരളത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവന്‍ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നതെന്നും ഒരു സ്ത്രീ ദേശീയ പ്രസിഡന്റായ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹമെന്നും ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയതെന്നും ശോഭാ സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി, കോവിഡ് റാണി പദവികള്‍ക്കായി നടക്കുകയാണെന്നായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന. പ്രവാസി സര്‍ട്ടിഫിക്കറ്റ് പ്രശ്നത്തില്‍ പ്രതിപക്ഷനേതാവിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ആരോഗ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളിയുടെ പരാമര്‍ശം. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് വിഷയത്തിലുണ്ടായത്. പ്രസ്താവനയ്ക്ക് പിന്നാലെ നിപയെ അതിജീവിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനി അജന്യയും നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും, നിപയെ മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.

കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോള്‍ ഗസ്റ്റ് റോളില്‍ പോലും ഇല്ലാതിരുന്ന ആളാണ് അന്ന് വടകര എം.പിയായിരുന്ന മുല്ലപ്പള്ളിയെന്നായിരുന്നു സജീഷ് പറഞ്ഞത്. ലിനിയുടെ മരണ ശേഷവും തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും സജീഷ് കൂട്ടിചേര്‍ത്തു.

നിപകാലത്ത് വടകര എംപിയായിരുന്ന മുല്ലപ്പള്ളി ഒരു ഫോണ്‍കോളിലൂടെ പോലും തങ്ങളുടെ വിവരം അന്വേഷിച്ചിട്ടില്ലെന്നും അതേസമയം രോഗം ഭേദമായിട്ടും ആളുകള്‍ ഭീതിയോടെ അകറ്റിനിര്‍ത്തിയിരുന്നുവെന്നും ശൈലജ ടീച്ചര്‍ കാണാന്‍ വന്നതാണ് കരുത്തായതെന്നും അജന്യ പറഞ്ഞു

അതേസമയം ആരോഗ്യ മന്ത്രി കെകെ ശൈലജക്ക് എതിരായ കൊവിഡ് റാണി പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി, കോവിഡ് റാണി പദവികള്‍ക്കായി നടക്കുകയാണെന്ന പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ്പയെ അതിജീവിച്ചതിന്റെ ക്രെഡിറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്നും അതില്‍ മുഖ്യമന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ മറ്റാര്‍ക്കും തന്നെ ക്രെഡിറ്റ് ഇല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിന്റെയും അവരുടെ പാര്‍ട്ടിയുടെയും അവരുള്‍പ്പെട്ട സര്‍ക്കാരിന്റെയും നിലപാടുകളോടും പ്രവര്‍ത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ അതിശക്തമായി എതിര്‍ക്കുന്നു. പൊതുപ്രവര്‍ത്തകക്ക് മറ്റൊരു പൊതു പ്രവര്‍ത്തകനല്‍കുന്ന രാഷ്ടീയാതീത പിന്തുണയാണിത്. കേരളത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവന്‍ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡന്റായ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്.മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കില്‍ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button