Latest NewsKeralaNews

‘ഇല്ല സർ, ഓ. രാജഗോപാൽ കഴിഞ്ഞ് മതി മറ്റ് പരിഗണനകൾ’ എന്ന് പറഞ്ഞ സുരേഷ് ഗോപിയെ എനിക്ക് അറിയാം: കുറിപ്പുമായി ജി. വേണുഗോപാൽ

സുരേഷ് ഗോപിയുമായുള്ള സൗഹൃദം പങ്കുവെച്ച് ഗായകൻ ജി.വേണുഗോപാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മുപ്പത്തിനാല് വർഷത്തെ പരിചയം. ഒരിക്കൽപ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ഒരിക്കൽപ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല. തന്റെ അതികഠിനമായ മനോവ്യഥയിലും പ്രയാസങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഇല്ലാത്തവരേയും കൂടെ ചേർത്ത് പിടിച്ച ഓർമ്മകളെ എനിക്കുളളൂവെന്ന് ജി. വേണുഗോപാൽ പറയുന്നു.

Read also: ഗാൽവൻ താഴ്വര ഞങ്ങളുടേത്: ധാരണ തെറ്റിച്ചത് ഇന്ത്യയെന്ന് ചൈന

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സുരേഷ് ഗോപി ഈ സൗഹൃദം സിനിമയല്ല, രാഷ്ട്രീയവുമല്ല!

മുപ്പത്തിനാല് വർഷത്തെ പരിചയം. ഞങ്ങൾ തമ്മിലുള്ള വ്യത്യാസം ഒരു ഷോ കാർഡ് മാത്രം. നവോദയയുടെ ‘ഒന്നു മുതൽ പൂജ്യം വരെ’യുടെ ടൈറ്റിൽസിൽ ‘ഞങ്ങൾ അവതരിപ്പിക്കുന്ന പുതു ഗായകൻ ജി.വേണുഗോപാൽ’ കഴിഞ്ഞ അടുത്ത ഷോ കാർഡ് പുതുമുഖ നടൻ സുരേഷ് ഗോപിയുടേതാണ്. ഒരു പ്രാവശ്യം പോലും ഇക്കാണുന്ന വ്യക്തിത്വത്തിന് പിന്നിൽ ഒരു dual person ഉണ്ടോ എന്ന് തോന്നിക്കാത്ത പെരുമാറ്റം. സംസാരം ചിലപ്പോൾ ദേഷ്യത്തിലാകാം. ചിലപ്പോൾ സഭ്യതയുടെ അതിർവരമ്പുകൾ കീറി മുറിച്ചു കൊണ്ടാകാം. ചിലപ്പോൾ outright അസംബന്ധമാണോ എന്നും തോന്നിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കൽപ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ഒരിക്കൽപ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല. തന്റെ അതികഠിനമായ മനോവ്യഥയിലും പ്രയാസങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഇല്ലാത്തവരേയും കൂടെ ചേർത്ത് പിടിച്ച ഓർമ്മകളെ എനിക്കുളളൂ.

സുരേഷിൻ്റെ ഏതാണ്ടെല്ലാ പ്രതിസന്ധി ഘട്ടങ്ങളും ആ വ്യക്തിത്വത്തിലേക്ക് കൂടുതൽ വെളിച്ചം ചൊരിയുന്നവയുമായിരുന്നു. ഒരു വയസ്സുള്ള ലക്ഷ്മിമോളുടെ ദാരുണമായ അന്ത്യം ആ കുടുംബത്തിനെ ദുഃഖത്തിന്റെ തീരാക്കയത്തിലേക്കാണ് തള്ളിവിട്ടത്. ഇനി തിരിച്ച് വരാൻ കഴിയുമോ എന്ന് സംശയിച്ച് പോയ ഭ്രാന്തമായ മാനസികാവസ്ഥയിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോൽ സുരേഷ് ചിറകടിച്ചുയർന്നു. സിനിമാരംഗത്ത് തന്റെ കൂടി കാർമ്മികത്വത്തിൽ ഉണ്ടാക്കിയ പ്രസ്ഥാനം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ നിന്നെല്ലാം അകലുമ്പോൾ, ആരെക്കുറിച്ചും ഒരു കുത്ത് വാക്ക് പോലുമുരിയാടാതെ നിശ്ശബ്ദനായി അതിൽ നിന്നകന്നു. ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാർ അധിക്ഷേപിച്ചപ്പോൾ നീറിപ്പുകയുന്നത് കണ്ടിട്ടുണ്ട്. ഓഹരി വയ്ക്കുന്ന ആ സിനിമാ ശൈലിയെ ഒരിക്കലും സുരേഷ് പുണർന്നിട്ടില്ല. സിനിമയുടെ മാരകമായ ഗോസിപ്പ് കോളങ്ങളും വിഷം തുപ്പുന്ന നികൃഷ്ടജീവികളും സുരേഷിനെ സിനിമയുടെ വിസ്മൃതിവൃത്തത്തിലേക്ക് തള്ളാൻ ശ്രമിക്കുമ്പോൾ ഒരു കപ്പൽച്ചേതത്തിലെന്നപോലെ ആ കുടുംബം ആടിയുലയുന്നത് കണ്ട് ഞാൻ പരിഭ്രമിച്ചിട്ടുണ്ട്. അന്ധ ബോധത്തിൻ്റെ ഉറക്കറയായും, സ്വന്താവകാശത്തുറുങ്കറയായും കണ്ടതിനെയൊക്കെ സുരേഷ് പിന്തള്ളി. താൻ ഒരു കാലത്ത് വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇത്തിരിപ്പോലം വരുന്ന ചെക്കന്മാർ തന്റെ വീട്ടിലേക്കൊരു പന്തം കൊളുത്തി പ്രകടനം നടത്തി, വീടൊരു കാരാഗ്രഹമാക്കി മാറ്റിയപ്പോൾ നീറിപ്പുകയുന്ന അഗ്നിപർവ്വതമാകുന്ന മനസ്സിൽ സുരേഷ് ചില തീരുമാനങ്ങളെല്ലാമെടുത്തിരുന്നു. നിയന്ത്രിത സ്ഫോടനങ്ങളായി അതടുത്ത ദിവസത്തെ മീഡിയയിൽ നിറഞ്ഞു വന്നു.

സുരേഷിനെ ബഹുമാനിക്കാനും സ്വീകരിക്കാനും ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി. അവരുടെ കേന്ദ്രത്തിലെ തലമൂത്ത നേതാവ് തന്നെ നേരിട്ട് സുരേഷിനെ വിളിപ്പിച്ച് കേരള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ പറയുകയായിരുന്നു. അന്നും ഞാൻ എൻ്റെ സ്ഥായിയായ സംശയങ്ങൾ ഉന്നയിച്ചു. ‘ഇത് വേണോ സുരേഷേ? രാഷ്ട്രീയം പറ്റുമോ?’ സുരേഷിന്റെ മറുപടി രസകരമായിരുന്നു. ‘രാഷ്ട്രീയത്തിൽ നമ്മുടെ പ്രതിയോഗികളെ നേരിട്ട് കാണാം, അറിയാം. തുറസ്സായ യുദ്ധമാണ്. സിനിമയിൽ എതിരാളികളെ തിരിച്ചറിയാൻ സാധിക്കില്ല. മുന്നിലുള്ളതിലേറെ കുത്തുകൾ പിന്നിലാ കിട്ടുക’. സ്ഥാനമാനങ്ങൾക്ക് വേണ്ടിയായിരുന്നില്ല സുരേഷിൻ്റെ നിലനിൽപ്പുകളൊന്നും. തിരുവനന്തപുരം പാർലമെന്റ് തെരഞ്ഞെടുപ്പിന് നിൽക്കാൻ തയ്യാറായിക്കോളൂ എന്ന് പറഞ്ഞ സീനിയർ കേന്ദ്ര നേതാവിനോട് ‘ഇല്ല സർ, ഓ. രാജഗോപാൽ കഴിഞ്ഞ് മതി മറ്റ് പരിഗണനകൾ’ എന്ന് പറഞ്ഞത് എനിക്കറിയാം. പാർട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്പിളിൽ വച്ച് നീട്ടിയപ്പോൾ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button