ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ രാഹുൽ ഗാന്ധിയെ തള്ളി ശരദ് പവാർ. സര്‍വ്വ കക്ഷി യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും സംഖ്യകക്ഷികളും പ്രധാനമന്ത്രിക്കൊപ്പം നിന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളാണ് ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചിരിക്കുന്നത്. ചൈനക്കെതിരായ നീക്കത്തില്‍ എല്ലാ നേതാക്കളും കേന്ദ്രത്തിനൊപ്പം നില്‍ക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുമെന്നാണ് മമത വ്യക്തമാക്കിയത്. നമ്മുടെ സൈനികര്‍ക്കായി നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കും. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും ശക്തമായി തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണക്കുമെന്നും , കേന്ദ്ര സര്‍ക്കാരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മമത യോഗത്തില്‍ അറിയിച്ചു.
ഇന്ത്യ ജയിക്കും. ചൈന തോല്‍ക്കും. സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്ന ഒന്നും തന്നെ പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല. ഐക്യത്തോടെ ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും മമത യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വിമര്‍ശനങ്ങളെയും രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെയും തള്ളുന്ന നിലപാടാണ് എന്‍സിപി നേതാവ് ശരദ്പവാറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തിലാണ് അതിര്‍ത്തിയില്‍ സൈനികര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്തരം ധാരണകളെ നാം ബഹുമാനിക്കേണ്ടതുണ്ട്. ആയുധമുണ്ടോ ഇല്ലയോ എന്ന കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പവാര്‍ വ്യക്തമാക്കി.
ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും ശിവസേന പിന്തുണക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും യോഗത്തില്‍ ഉറപ്പുനല്‍കി. നമ്മള്‍ ഒന്നാണ്. ഞങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്. സര്‍വ്വകക്ഷി യോഗം വിളിച്ച് വിഷയം മറ്റ് മന്ത്രിമാരുമായി ചര്‍ച്ച ചെയ്ത പ്രധാനമന്ത്രിയെ വാഴ്ത്തുന്നു. ഇന്ത്യ ശക്തമാണെന്നും ഉദ്ധവ് താക്കറെ യോഗത്തില്‍ പറഞ്ഞു. ഈ നിമിഷത്തില്‍ ഒറ്റക്കെട്ടായി കേന്ദ്രത്തിനൊപ്പം നില്‍ക്കുകയാണ് ഉചിതമായ തീരുമാനമെന്ന് ജനതാ ദള്‍ നേതാവ് നിതീഷ് കുമാര്‍ പ്രതികരിച്ചു.
Post Your Comments