ന്യൂയോര്‍ക്ക് : ആശങ്ക വിതച്ച് ലോകത്ത് കോവിഡ് രോഗവ്യാപനം അതിവേഗം വർധിക്കുകയാണ്. ലോകത്തുടനീളം ഇതുവരെ 4,62,519 പേരാണ് കോവിഡ് ബാധിതരായി മരണമടഞ്ഞത്. രോഗ ബാധിതരുടെ എണ്ണം 87.58 ലക്ഷവുമായി ഉയർന്നിരിക്കുകയാണ്. 4,625,445(4.63ലക്ഷം)പേര്‍ രോഗമുക്തരായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്കയിൽ ഇതുവരെ 2,297,190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1.21ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ അമേരിക്കയില്‍ 700ല്‍ പരം ആളുകളാണ് മരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിനെയാണ് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ 10.38ലക്ഷം പേർ വൈറസ് ബാധിതരായി. 49,090 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. റഷ്യയില്‍ 5.69 ലക്ഷം പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. 7,841 പേര്‍ മരിക്കുകയും ചെയ്തു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 3.96ലക്ഷം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 12970 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
അതേസമയം ലോകത്ത് കോവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് മെക്സികോ. തുടർച്ചയായ രണ്ടാം ദിനവും രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ രാജ്യത്ത് 5,662 പേർക്ക് കോവിഡ് ബാധിക്കുകയും ചികിത്സയിലുണ്ടായിരുന്ന 667 പേർ മരിക്കുകയും ചെയ്തു. ഇതോടെ, മെക്സികോയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,70,485 ആയി. 20,394 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
Post Your Comments