2011 ല്‍ മുംബൈയില്‍ നടന്ന ഇന്ത്യയ്ക്കെതിരായ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന് മുന്‍ കായിക മന്ത്രി മഹീന്ദാനന്ദ ആലുത്ഗാമെ ആരോപിച്ചതിനെത്തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര തെളിവുകള്‍ ചോദിച്ചു. ഏപ്രില്‍ രണ്ടിന് വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയോട് 6 വിക്കറ്റിനായിരുന്നു ശ്രീലങ്ക പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലായിരുന്നു അന്ന് ശ്രീലങ്ക പരാജയപ്പെട്ടത്.
അദ്ദേഹം തന്റെ ”തെളിവുകള്‍” ഐസിസിയിലേക്കും അഴിമതി വിരുദ്ധ സുരക്ഷാ യൂണിറ്റിലേക്കും കൊണ്ടുപോകേണ്ടതുണ്ട്, അതിനാല്‍ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ കഴിയും എന്നായിരുന്നു സംഗക്കാര ജയവര്‍ധനയുടെ ട്വീറ്റ് ടാഗ് ചെയ്ത് കുറിച്ചത്. അന്ന് ലങ്കന്‍ ടീമിന്റെ നായകന്‍ കൂടിയായിരുന്നു സംഗക്കാര.
ആലുത്ഗാമെയുടെ പ്രസ്താവന വലിയ വിവാദങ്ങളിലേക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ‘2011 ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുക്കളിയാണ്. ഞാന്‍ പറയുന്നതില്‍ ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ഞാന്‍ കായിക മന്ത്രിയായിരിക്കുമ്പോഴാണ് ഇത് സംഭവിച്ചത്,’എന്ന് ആലുത്ഗാമേജ് പറഞ്ഞു.
‘എന്നിരുന്നാലും, രാജ്യത്തിനുവേണ്ടി വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 2011 ല്‍ ഇന്ത്യയ്ക്കെതിരായ കളി, ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിയുമായിരുന്ന കളിയായിരുന്നു. പക്ഷെ അത് ഒത്തുകളിയായിരുന്നു. ഞാന്‍ ഇത് ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്, എനിക്ക് ഒരു സംവാദത്തിന് മുന്നോട്ട് വരാം. ജനങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ആശങ്കയുണ്ട്. ക്രിക്കറ്റ് കളിക്കാരെ ഇതില്‍ ഉള്‍പ്പെടുത്തില്ല ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment