വർക്കല : സ്വത്ത് തർക്കത്തെ തുടർന്ന് വയോധികനായ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഭാര്യയും മകനും അറസ്റ്റിൽ. വർക്കല ചാവർകോട് മലവിള സജിന വീട്ടിൽ വിജയന്റെ ഭാര്യ പ്രസന്ന, മകൻ സജിൻ എന്നിവരാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കാനുള്ള ശ്രമം വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹേഷിന്റെ ഇടപെടൽ മൂലമാണ് പൊളിഞ്ഞത്.
വർഷങ്ങളായി വിജയന്റെ പേരിലുള്ള സ്വത്തിനെ ചൊല്ലി തർക്കം നടക്കുന്നുണ്ട്. ഇതിന്റെ പ്രതികാരമായി വിജയനെ വ്യാജമദ്യക്കേസിൽ കുടുക്കുന്നതിനായി അഞ്ച് ലിറ്റർ വാറ്റുചാരായവും നാലു ലിറ്റർ വിദേശ മദ്യവും മിനറൽ വാട്ടറിന്റെ കുപ്പികളിലാക്കി വീട്ടിന് പിറകിലുള്ള തൊഴുത്തിൽ ഇവർ ഒളിപ്പിക്കുകയായിരുന്നു. ശേഷം മകൻ സജിൻ എക്സൈസ് ഓഫിസിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
എന്നാൽ എക്സൈസ് സംഘം സ്ഥലത്തെത്തി വിജയനെ വിശദമായി ചോദ്യം ചെയ്യുകയും അയൽക്കാരോട് വിവരം അന്വേഷിക്കുകയും ചെയ്തതോടെ വിജയൻ നിരപരാധിയാണെന്ന് മനസ്സിലാവുകയായിരുന്നു.
മാത്രമല്ല, മദ്യം ഒളിപ്പിച്ചിരിക്കുന്നത് ഫോട്ടോയെടുത്ത് ഇൻസ്പെക്ടറുടെ മൊബൈലിലേക്ക് വിദേശത്തുള്ള ആൾവഴി അയച്ചുകൊടുത്തതും മാതാവിനും മകനും വിനയാവുകയും ചെയ്തു. ഒപ്പം വീട്ടിൽനിന്ന് മാറി താമസിക്കുന്ന സജിനും പ്രസന്നയും വീട്ടിൽ മദ്യം കണ്ടെടുത്ത ഭാഗത്ത് നിൽക്കുന്ന ദൃശ്യങ്ങളും കിട്ടി. തുടർന്നാണ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് പ്രസന്നയും മകനും അറസ്റ്റിലായത്.
Post Your Comments