ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,586 പുതിയ കോവിഡ് കേസുകളും 336 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസത്തിനിടെ ആദ്യമായാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,80,532 ആയി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 12,573 ആയി ഉയർന്നു. നിലവിൽ 1,63,248 പേർ ചികിത്സയിലാണ്. 2,04,711 പേർ രോഗമുക്തരായി.
അതിനിടെ തമിഴ്നാട്ടിൽ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അൻപഴകനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും കൂടുതൽ കേസുകളും മരണവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1,20,504 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5,751 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ രോഗികളുടെ എണ്ണം 52,334 ആയി ഉയർന്നു. ഇതുവരെ 625 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയില്‍ രോഗികളുടെ എണ്ണം 49,979 ആയി. 1,969 പേരാണ് ഇതുവരെ മരിച്ചത്.
25,601 കേസുകളുള്ള ഗുജറാത്താണ് നാലാം സ്ഥാനത്ത്. സംസ്ഥാനത്ത് ഇതുവരെ 1,591 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലാണ്. ഉത്തർപ്രദേശിൽ രോഗികളുടെ എണ്ണം 15,181 ആയി. രാജസ്ഥാനിൽ 13,857 കേസുകളും ബംഗാളിൽ 12,735 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓരോ ദിവസം കഴിയും തോറും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുകയാണ്. മുംബൈ, പൂനെ തുടങ്ങിയ പ്രദേശങ്ങളിൽ രോഗബാധക്ക് ശമനം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
Post Your Comments