മൂവാറ്റുപുഴ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ കാണാൻ, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പം നാടുവിട്ട ടിക് ടോക് താരത്തെ പിടികൂടി. മകളെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഡിഗ്രി വിദ്യാർഥിനിയായ ടിക്ടോക് താരത്തെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തു നിന്നും ശനിയാഴ്ച വൈകിട്ടാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടി ആദ്യം മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറായില്ല. എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞ പോലീസ് കാമുകനെ ഫോണില്‍ വിളിച്ചു. വിവാഹത്തിന് തയ്യാറല്ലെന്നും ഇവരെ അറിയില്ലെന്നുമാണ് യുവാവ് പറഞ്ഞത്. ഇത് പോലീസ് സ്പീക്കര്‍ ഫോണിലൂടെ യുവതിയെ കേള്‍പ്പിച്ചു. തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറായത്.
കോട്ടയത്തെ കോളജിലെ മൈക്രോബയോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി 3 മാസം മുന്‍പാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ബംഗളൂരു സ്വദേശിയെ പരിചയപ്പെട്ടത്.18 വയസ് തികയുമ്പോൾ വിവാഹിതരാകാനായിരുന്നു തീരുമാനം. 2 മാസം മുൻപ് വിദ്യാർഥിനിക്ക് 18 വയസ് പൂർത്തിയായി. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ എത്താൻ സാധിക്കില്ലെന്ന് കാമുകൻ പറഞ്ഞു. ഇതോടെയാണ് ബെംഗളൂരുവിലേക്ക് പോകാൻ വിദ്യാർഥിനി ഫേസ്ബുക് സുഹൃത്തായ ഓട്ടോറിക്ഷക്കാരന്റെ സഹായം തേടിയത്. ഓട്ടോറിക്ഷക്കാരന്‍ എത്തി വീട്ടുകാരറിയാതെ യുവതിയെ വീട്ടില്‍ നിന്നു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടു പോയി. ഇവിടെ നിന്നു ശനിയാഴ്ച വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ഇരുവരെയും പൊലീസ് കണ്ടെത്തുന്നത്.
Post Your Comments