തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്‌ണന്റെ ഭാര്യയും എഴുത്തുകാരിയുമായിരുന്ന ശ്രീമതി പത്മജ രാധാകൃഷ്‌ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്‌പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.
പ്രശസ്ത സിനിമാ പിന്നണി ഗായകൻ എംജി ശ്രീകുമാർ, സംഗീതജ്ഞ കെ. ഓമനക്കുട്ടി, എന്നിവർ ഭർതൃ സഹോദരങ്ങൾ ആണ്. പ്രശസ്ത ഓഡിയോഗ്രാഫർ എം.ആർ. രാജാകൃഷ്ണൻ, കാർത്തിക എന്നിവർ മക്കളാണ്. കഥാകാരിയും നർത്തകിയും ചിത്രകാരിയുമായ പത്മജ എം.ജി. രാധാകൃഷ്ണൻ സംഗീതം ചെയ്തിട്ടുള്ള ചില ലളിതഗാനങ്ങൾ രചിച്ചിട്ടുമുണ്ട്.
മിസ്റ്റർ ബീൻ എന്ന ചിത്രത്തിൽ മകൻ രാജാകൃഷ്ണൻ ഈണമിട്ട പാട്ടുകൾക്ക് വരികളെഴുതി മലയാള സിനിമയിലും സാന്നിധ്യം അറിയിച്ചു. ഗാനരചനക്ക് പുറമേ ചിത്രകാരി കൂടിയാണ് പത്മജ രാധാകൃഷ്ണൻ. എം.ജി.രാധാകൃഷ്ണന്റെ ഓര്‍മകളില്‍ പദ്മജ എഴുതി 2017ല്‍ പുറത്തിറങ്ങിയ “നിന്നെ ഞാന്‍ കാണുന്നു’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബറിലായിരുന്നു പത്മജയുടെ ഇരട്ട സഹോദരി ഗിരിജ മരിച്ചത്. 1970കളില്‍ വഴുതക്കാട് വിമന്‍സ് കോളജില്‍ വിദ്യാര്‍ത്ഥിനികളായിരിക്കെ കേരള സര്‍വകലാശാല കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ഗിരിജ – പത്മജ സഹോദരിമാര്‍. പരേതരായ ടി.ടി നീലകണ്ഠന്‍നായര്‍ – എം.പി അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകളാണ്.പദ്മജയുടെ നിര്യാണ വാർത്ത സിനിമാ സാംസ്‌കാരിക ലോകം ഞെട്ടലോടെയാണ് കേട്ടത്.
Post Your Comments