മിലാന്: കോപ്പ ഇറ്റാലിയ ഫൈനലില്‍ യുവന്റസിന്റെ എതിരാളികള്‍ നാപ്പോളി. ഇന്റര്‍ മിലാനെതിരേ നടന്ന രണ്ടാംപാദ സെമി ഫൈനലില്‍ സമനില നേടിയതോടെയാണു നാപ്പോളി ഫൈനലില്‍ കടന്നത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആവേശകരമായ മത്സരത്തില്‍ ഇന്റര്‍ മിലാനായിരുന്നു ആക്രമിച്ചു കളിച്ചത്. എന്നാല്‍ ഗോള്‍ മാത്രം അകന്നു നിന്നു. നേരത്തെ മിലാനില്‍ നടന്ന ഒന്നാം പാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നപ്പോളി വിജയിച്ചിരുന്നു. അതോടെ രണ്ടു പാദങ്ങളിലുമായി 2-1 എന്ന സ്‌കോറിന് വിജയിച്ചാണ് നപ്പോളി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്റര്‍ മത്സരം തുടങ്ങി നപ്പോളിയെ ഞെട്ടിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ലക്ഷ്യം കണ്ടു. എറിക്‌സണ്‍ എടുത്ത കോര്‍ണര്‍ നേരെ വലയില്‍. തുടര്‍ന്നും ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയ ഇന്റര്‍ നപ്പോളി ഗോള്‍ മുഖത്ത് തുടരെ ആക്രമണം നടത്തിയെങ്കിലും നപ്പോളിയുടെ ഗോള്‍കീപ്പര്‍ ഒസ്പിന രക്ഷകനായി. ആദ്യപകുതി തീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ഒസ്പിന തൊടുത്തുവിട്ട പന്ത് സ്വീകരിച്ച് ഇന്‍സിനെ ഗോള്‍ മുഖത്തേക്ക് കുതിച്ചു, തുടര്‍ന്ന് പന്ത് മെര്‍ട്ടന്‍സിന് മറിച്ചു നല്‍കി. ഗംഭീര പാസില്‍ ഗംഭീരമായി തന്നെ ആ പന്ത് മെര്‍ട്ടന്‍സ് ഫിനിഷ് ചെയ്തു. ഇതോടെ സ്‌കോര്‍ ബോര്‍ഡില്‍ 1-1 എന്ന നിലയില്‍.
തുടര്‍ന്നു ഗോളിനു വേണ്ടി ഇരു ടീമുകളും പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. രണ്ടാം പകുതി ഗോള്‍ രഹിതമായി അവസാനിച്ചതോടെ ഒന്നാം പാദത്തിലെ ഒരു ഗോള്‍ലീഡിന്റെ പിന്‍ബലത്തില്‍ നപ്പോളി ഫൈനലില്‍ കടന്നു. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമി ഫൈനലില്‍ എസി മിലാന് മറികടന്നായിരുന്നു യുവന്റസ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഒന്നാം പാദം 1-1നും രണ്ടാം പാദം ഗോള്‍ രഹിത സമനിലയിലും അവസാനിച്ച മത്സരത്തില്‍ എവേഗോളിന്റെ പിന്‍ബലത്തിലാണ് യുവന്റസ് ഫൈനലില്‍ എത്തിയത്.
Post Your Comments