ലഖ്നൗ: ജാതിയുടെ പേരിൽ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതിന് മതമൗലികവാദികൾ ദളിതരുടെ വീടുകൾ കത്തിക്കുകയും വ്യാപക ആക്രമണം നടത്തുകയും ചെയ്തു. ഉത്തർപ്രദേശിലെ ജോൻപൂരിൽ ദളിത് കുടുംബങ്ങൾക്കാണ് ക്രൂര ആക്രമണം നേരിടേണ്ടി വന്നത്.
ജാതിയുടെ പേരിൽ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമം നടത്തിയതെന്ന് ഇരകൾ വ്യക്തമാക്കി. നിരവധി വീടുകൾക്ക് തീയിട്ട അക്രമികൾ ആടുകളേയും കന്നുകാലികളേയും ജീവനോടെ കത്തിച്ചു. നിരവധി പേരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കേസിൽ ഉടനടി അന്വേഷണം പ്രഖ്യാപിച്ച യോഗി സർക്കാർ കുറ്റവാളികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്താനും നിർദ്ദേശിച്ചു.
കന്നുകാലികളെ മേയ്ക്കുന്നതിനിടെ ദളിത് വിഭാഗത്തിൽ പെട്ടയാളിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ഇത് ചോദ്യം ചെയ്തതോടെ ഇരു വിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഗ്രാമത്തലവൻ ഇടപെട്ട് പ്രശ്നം തീർത്തെങ്കിലും സംഘടിച്ചെത്തിയവർ ദളിത് കോളനികൾ ആക്രമിക്കുകയായിരുന്നു. നിരവധി കുടിലുകളാണ് അക്രമികൾ കത്തിച്ചത്.
ആക്രമണത്തെ തുടർന്ന് ദളിത് വിഭാഗക്കാർ അടുത്ത ഗ്രാമത്തിലേക്ക് പലായനം ചെയ്തു. പത്തുവീടുകൾ പൂർണമായി കത്തിച്ച അക്രമികൾ പതിനാലോളം വീടുകൾ തകർത്തു. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ പതിനാറുകാരനായ ബാലന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പ്രദേശത്ത് വലിയ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തിന് ചുക്കാൻ പിടിച്ച നൂർ ആലമിനും ജാവേദ് സിദ്ദിഖിക്കും എതിരെ ദേശീയ സുരക്ഷ നിയമ പ്രകാരം കേസെടുത്തു. കണ്ടാലറിയാവുന്ന 57 പേർക്കെതിരെ കേസെടുത്ത പൊലീസ് 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടുകൾ നഷ്ടപ്പെട്ടവർക്ക് യോഗി സർക്കാർ ഒരു ലക്ഷം രൂപ ആശ്വാസ ധനം പ്രഖ്യാപിച്ചു.
Post Your Comments