ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 2000 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഡൽഹി സർക്കാർ പുറത്തു വിട്ട കണക്കുകൾ അല്ല യഥാര്ഥത്തിലുള്ളതെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ഡല്‍ഹിയിലെ വിവിധ ശ്മശാനങ്ങളിലായി കോവിഡ് മൂലം മരിച്ച 2098 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായാണ് കണക്കുകള്‍ പുറത്തുവന്നത്. തങ്ങളുടെ അധീനതയിലുള്ള വിവിധ ശ്മശാനങ്ങളിലെ കണക്കുകള്‍ ഉദ്ധരിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളുടെ ഇരട്ടിയിലേറെയാണ് ഈ കണക്ക്. ഡല്‍ഹി സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്ക് പറയുന്നത് സംസ്ഥാനത്ത് ഇതുവരെ 984 പേര്‍ മരിച്ചു എന്നാണ്. ഇത് തള്ളിയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ കണക്കുകള്‍.സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോവിഡ് ബാധിച്ച് മരിച്ച 1080 മൃതദേഹങ്ങളും നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 976 മൃതദേഹങ്ങളും ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 42 മൃതദേഹങ്ങളും സംസ്‌കരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 800 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചതായി കണക്കുകളുള്ളപ്പോള്‍ മരണ സംഖ്യ 250 ആണെന്നാണ് സര്‍ക്കാറിന്റെ കണക്കിലുള്ളത്. കൊവിഡ് മരണ സംഖ്യയും രോഗബാധിതരുടെ എണ്ണവും ഡല്‍ഹി സര്‍ക്കാര്‍ കുറച്ചുകാണിക്കുകയാണെന്ന് കഴിഞ്ഞ മാര്‍ച്ചിലും ആരോപണമുയര്‍ന്നിരുന്നു.ഡല്‍ഹി സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 32,810 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.
Post Your Comments