ക്രിക്കറ്റ് ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് വിലക്കില്ല എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ മാനിച്ച് ആരാധകരെ ഒഴിവാക്കി മത്സരങ്ങള്‍ നടത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ യോഗം അടുത്തദിവസം ചേരും. അതേസമയം, മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍ പരിശീലനം ആരംഭിച്ചു.
മാര്‍ച്ച് 29 നാണ് ഐപിഎല്‍ നടക്കേണ്ടിയിരുന്നത് എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതമായി നീണ്ടു പോകുകയായിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് വിലക്കില്ല എന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശം ഐ പി എല്‍ മത്സരത്തിന്റെ കാര്യത്തില്‍ പരിശോധിക്കുകയാണ് ബിസിസിഐ. അടച്ചിട്ട സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐ തയ്യാറാണ്. താരങ്ങള്‍, ആരാധകര്‍, ഫ്രാഞ്ചൈസികള്‍ ഇവരെല്ലാം ആഗ്രഹിക്കുന്നത് ഐപിഎല്‍ നടക്കണമെന്നാണ്. ഞങ്ങള്‍ ശുഭപ്രതീക്ഷയിലാണ്. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് അധികം വൈകാതെ തന്നെ ബിസിസിഐ തീരുമാനം കൈക്കൊള്ളുമെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി.
അതിനിടെ മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍ മുംബൈയിലെ റിലയന്‍സ് സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങി. ആരോഗ്യവകുപ്പിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പരിശീലനം. ഐപിഎല്‍ തുടങ്ങുകയാണെങ്കില്‍ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലായിരിക്കും.
Post Your Comments