കൊച്ചി: കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് മിഷനില്‍ കേരളത്തിന് പരമാവധി വിമാനങ്ങള്‍ നൽകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു വരാന്‍ കാത്തിക്കുന്ന പ്രവാസികള്‍ 3.89 ലക്ഷമാണെങ്കിലും വെറും 4100 പേര്‍ക്കു മാത്രം തിരിച്ചുവരാനുള്ള സൗകര്യമാണ് കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷനില്‍ ഉള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വന്ദേഭാരത് മിഷനില്‍ കേരളത്തിന് പരമാവധി വിമാനങ്ങള്‍ വിമാനങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ ചാണ്ടി കത്തുനല്‍കി.
ഷെഡ്യൂള്‍ പ്രകാരം എയര്‍ ഇന്ത്യ ജൂണില്‍ 9 വിമാനങ്ങള്‍ സൗദി അറേബ്യയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് ജൂണ്‍ 23 വരെ 10 വിമാനങ്ങള്‍ സൗദി ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് അയയ്ക്കുന്നത്. 19 വിമാനങ്ങളില്‍ മൊത്തം 4100 ഓളം പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിയുക. വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടത്തില്‍ എയര്‍ ഇന്ത്യ 2020 ജൂണ്‍ 10 മുതല്‍ ജൂലൈ ഒന്ന് വരെയും എയര്‍ ഇന്ത്യ എക്സപ്രസ് ജൂണ്‍ 9 മുതല്‍ ജൂണ്‍ 23 വരെയും പ്രഖ്യാപിച്ച മിഷനില്‍ 19 വിമാനങ്ങള്‍ മാത്രമാണ് കേരളത്തിലേക്കുള്ളത്.
മറുനാടന്‍ മലയാളികള്‍ ഉള്‍പ്പെടെ 43,901 പേരാണ് ആറാം തീയതിവരെ വിമാനത്തില്‍ കേരളത്തില്‍ എത്തിയത്. ഈ രീതിയിലാണെങ്കില്‍ ഒരു വര്‍ഷം ആയാല്‍പ്പോലും കേരളത്തിലേക്കു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും കൊണ്ടുവരാനാകില്ല. മെയ് 4 വരെ 4.27 ലക്ഷം പേരാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. ഗള്‍ഫില്‍ നിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 3.89 ലക്ഷം പേരാണ്.ഇതില്‍ യുഎഇയില്‍ നിന്നു മാത്രം 2,04,263 പേരുണ്ട്. പിന്നീടുള്ളവര്‍ എംബസികളിലാണ് രജിസ്റ്റര്‍ ചെയ്തത്.
വന്ദേഭാരത് മിഷനില്‍ ജൂണ്‍ 30 വരെ ഡല്‍ഹിയില്‍ നിന്നു 3 വിമാനങ്ങള്‍ മാത്രമാണ് കൊച്ചിയിലേക്കുള്ളത്. രണ്ടെണ്ണം തിരുവനന്തപുരത്തേക്കും. കേരളത്തിലെ മറ്റു മൂന്നു വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ഇല്ല. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ ധാരാളം കണക്ഷന്‍ ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തുന്ന പ്രവാസികളെ ക്വാറന്റീനിലാക്കി ഹോട്ടലുകളിലേക്കാണ് അയയ്ക്കുന്നത്. വലിയ തുകയാണ് ഇതിനു ചെലവ് വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കുമൊക്കെ താങ്ങാവുന്നതിനപ്പുറം.
അമേരിക്ക, യൂറോപ്പ്, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്ന മലയാളികള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തുന്നതിന് ദിവസവും ഒരു വിമാനമെങ്കിലും ഡല്‍ഹിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
Post Your Comments